തൊടുപുഴ∙ ഇടുക്കി കമ്പംമേട്ടിൽ കമിതാക്കൾക്കു ജനിച്ച കുഞ്ഞിനെ കൊന്നു. ജനിച്ചയുടനെ കുഞ്ഞിനെ കമിതാക്കൾ കഴുത്തുഞെരിച്ചു ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശുകാരായ സാധുറാം (23), മാലതി (21) എന്നിവർക്ക് ഏഴാം തീയതിയാണ് കുഞ്ഞു ജനിച്ചത്.

സംഭവത്തിൽ സാധുറാമിനെ കസ്റ്റഡിയിൽ എടുത്തു. മാലതി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഏറെനാളായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹം അടുത്തമാസം നടക്കാനിരിക്കെയാണ് കുഞ്ഞ് ജനിക്കുന്നത്. മധ്യപ്രദേശിലെ മണ്ഡൽ എന്ന സ്ഥലത്തുനിന്നാണ് ഇരുവരും കേരളത്തിലേക്ക് എത്തിയത്.

വിവാഹത്തിനു മുൻപ് കുഞ്ഞ് ജനിച്ചാൽ കുടുംബത്തിൽനിന്നു പുറത്താക്കുമെന്നതിനാലാണ് കൊലപാതകം നടത്തിയതെന്ന് സാധുറാം പൊലീസിനോടു പറഞ്ഞു. ഇവർ ഉപയോഗിക്കുന്ന ശുചിമുറിയിലായിരുന്നു പ്രസവം. പ്രസവത്തോടെ ശിശു മരിച്ചെന്നാണ് ദമ്പതിമാർ നാട്ടുകാരെയും പൊലീസിനെയും ധരിപ്പിച്ചത്. ദമ്പതികളുടെ കൂടെ ജോലി ചെയ്യുന്ന അഖ്‌ലാഖ് എന്നയാളുടെ ശാന്തിപുരത്തെ വീടിനു അടുത്തായാണ് ഇവരും താമസിച്ചിരുന്നത്.

അഖ്‌ലാഖിന്റെ വീടിന്റെ ശുചിമുറിയാണ് ഇവർ ഉപയോഗിക്കുന്നത്. അവിടെവച്ചായിരുന്നു പ്രസവം. കൊന്നശേഷം മൃതദേഹം ദമ്പതികൾ താമസിക്കുന്ന വീട്ടിലേക്കു തിരികെക്കൊണ്ടുവന്നു. രാവിലെ വീട്ടുടമ ഇവരെ പതിവായി ജോലിക്കൊണ്ടുപോകുന്നതിന്റെ ഭാഗമായി വീട്ടിലേക്കെത്തി. അപ്പോൾ കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞ് ഇവർ കരയുന്നതാണ് കണ്ടത്. ഉടനെതന്നെ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽനിന്നുള്ള നഴ്സെത്തി പരിശോധിച്ചു. കുട്ടി മരിച്ചുവെന്ന് മനസ്സിലാക്കിയതോടെ ഇടുക്കി മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിന് അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *