കാണാതായ പെൺകുട്ടിയെ 10 വർഷത്തിനു ശേഷം കണ്ടെത്തിയപ്പോൾ നാട്ടുകാരും പൊലീസും ഒരുപോലെ ഞെട്ടി. സ്വന്തം വീടിനു കുറച്ചകലെ മാത്രം ഇത്രകാലം പുറത്തിറങ്ങാതെ അവൾ ഒളിച്ചിരിക്കുകയായിരുന്നു. യുവാവിന്റെ അച്ഛനും അമ്മയും സഹോദരിയും താമസിച്ചിരുന്ന വീട്ടിൽ അവർ പോലുമറിയാതെയായിരുന്നു ഒളിജീവിതം.പാലക്കാട് അയിലൂരിലാണ് വ്യത്യസ്ഥമായ ഈ പ്രണയകഥ. അയിലൂര്‍ കാരക്കാട്ടുപറമ്പ് മുഹമ്മദ് ഖനിയുടെ മകന്‍ റഹ്മാനാണ് (34) സമീപവാസിയായ സജിതയെ (28) അസൗകര്യങ്ങള്‍ നിറഞ്ഞ വീട്ടില്‍ മറ്റാരുമറിയാതെ വര്‍ഷങ്ങളോളം താമസിപ്പിച്ചത്.യുവതിയെ വീട്ടിലെ മുറിയിൽ ഒളിപ്പിച്ച യുവാവിനെ മൂന്നു മാസം മുൻപു കാണാതായിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം കണ്ടെത്തിയതോടെയാണു
ഞെട്ടിക്കുന്ന കഥ നാടറിഞ്ഞത്. പത്ത് വര്‍ഷം മുന്‍പ് 24കാരനായ റഹ്മാന്‍ 18 കാരിയായ സജിതയുമായി പ്രണയത്തിലായിരുന്നു. ഇതിനിടെ റഹ്മാനൊപ്പം വീടുവിട്ടിറങ്ങിയ സജിത 2010 ഫെബ്രുവരി മുതല്‍ ആരോരുമറിയാതെ റഹ്മാന്റെ മുറിയില്‍ ജീവിച്ച് വരികയായിരുന്നു. റഹ്മാന്റെ അച്ഛനും അമ്മയും സഹോദരങ്ങളും പോലുമറിയാതെ ചെറിയ വീട്ടീല്‍ ശൗചാലയം പോലുമില്ലാത്ത മുറിയിലായിരുന്നു കഴിഞ്ഞുവന്നത്. സജിതയുടെ തിരോധാനത്തിന് പിന്നാലെ നടന്ന പോലീസ് അന്വേഷണത്തിന്റെ ഭാഗമായി റഹ്മാനെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വന്നില്ല.മുറി പ്രത്യേകതരം ലോക്കുപയോഗിച്ച് മുറി പൂട്ടിയായിരുന്നുന്നു ഇലക്ട്രീഷ്യനായ റഹ്മാന്‍ പുറത്തിറങ്ങിയിരുന്നത്. മുറിയിലെ ജനല്‍ പലക നീക്കി പുറത്തുകടക്കാന്‍ കഴിയുന്ന സംവിധാനവും ഒരുക്കിയിരുന്നു. ഇതുവഴിയാണ് ഭക്ഷണം എത്തിച്ചിരുന്നത്. പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ രാത്രി ആരുമറിയാതെ പുറത്തുകടക്കുകയാണ് പതിവെന്നാണ് ഇവര്‍ നെന്മാറ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. പത്ത് വര്‍ഷത്തിന് ശേഷം യുവാവ് വീട്ടുകാരെ അറിയിക്കാതെ തന്നെ യുവതിയുമൊത്ത് വാടകവീട്ടിലേക്ക് മാറി താമസിച്ച് വരുന്നതിനിടെയാണ് വിവരങ്ങള്‍ പുറത്ത് വരുന്നത്.

യുവതിയുടേയും യുവാവിന്റേയും മൊഴികളിൽ അവിശ്വസനീയത തോന്നിയതിനാൽ പൊലീസ് സംഭവ സ്ഥലം സന്ദർശിച്ചു. പ്രായപൂർത്തിയായ ഇരുവരും ഒരുമിച്ച് താമസിക്കാനാണ് താത്പര്യം എന്ന് മൊഴി നൽകി. പരാതി ഇല്ലെന്ന് ഇരുകൂട്ടരും അറിയിച്ചതോടെ കാണാതായെന്ന കേസുകൾ അവസാനിപ്പിക്കാൻ ഇവരെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *