ശമ്പള വർധനവ് ആവശ്യപ്പെട്ട് തൃശൂർ മോഡൽ സമരവുമായി തിരുവനന്തപുരം സ്വകാര്യ മേഖലയിലെ നഴ്സുമാർ രംഗത്ത്. 72 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ അടുത്ത മാസം അഞ്ച് മുതൽ ഏഴ് വരെയാണ് സമരം.

ജൂൺ അഞ്ച്, ആറ്, ഏഴ് തീയതികളിൽ സ്വകാര്യ മേഖലയിലെ നഴ്സുമാർ സമ്പൂർണമായി പണിമുടക്കും. തിരുവനന്തപുരം ജില്ലയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് കഴിഞ്ഞ 5 വർഷമായി വേതനത്തിൽ വർധനവ് ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.

നിലവിൽ ലഭിക്കുന്ന ശമ്പളത്തേക്കാൾ 50% വർധനവാണ് നഴ്സുമാർ ആവശ്യപ്പെടുന്നത്. കൂടാതെ രോഗികളുടെയും നഴ്‌സുമാരുടെയും അനുപാതം പുനഃക്രമീകരിക്കണമെന്നും നഴ്‌സുമാർ ആവശ്യപ്പെടുന്നു.

സമരം സംബന്ധിച്ച നോട്ടീസ് ഇന്ന് ലേബർ കമ്മിഷന് കൈമാറും. 100 നഴ്സുമാർ പ്രകടനമായി എത്തി ഈ നോട്ടീസ് കൈമാറുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം വേതന വർധനവ് ആവശ്യപ്പെട്ട് ഇവർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *