മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ ഉറക്കത്തിലായിരുന്ന യുവതിയെ കൈകൊണ്ട് ഉരസിയും, തലോടുകയും ചെയ്ത കേസില്‍ അറസ്റ്റിലായ 43കാരനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. 24കാരിയായ കൊച്ചിയിലെ ഗവേഷക വിദ്യാർഥിനിയുടെ പരാതിയിലാണ് വെങ്ങാട് അസ്മാസ് ഹൗസില്‍ നിസാമുദ്ദീനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തിങ്കളാാഴ്ച പുലർച്ചെ കാഞ്ഞങ്ങാട്- പത്തനംതിട്ട ബസിലാണ് അതിക്രമം അരങ്ങേറിയത്. കേസിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നു.
തന്‍റെ ശരീരത്തിലേല്‍ക്കുന്ന സ്പര്‍ശനമറിഞ്ഞ് ഉറക്കമുണര്‍ന്ന യുവതി ആദ്യം വാണിംഗ് നല്‍കി. ഇനി ആവര്‍ത്തിക്കില്ലെന്നും മാപ്പുപറഞ്ഞതോടെ പറഞ്ഞതോടെ വീണ്ടും യാത്ര തുടര്‍ന്നു. ഇതിനിടെ മനസ്സമാധാനം നഷ്ടപ്പെട്ട പെണ്‍കുട്ടി ഉറങ്ങുന്നതുപോലെ അഭിനയിച്ചു. ഇതോടെ കൈ വീണ്ടും എത്താന്‍ തുടങ്ങി. ഈ സമയത്താണ് യുവതി എഴുന്നേറ്റ് ശബ്ദമുണ്ടാക്കി വിവരം കണ്ടക്ടറെ അറിയിക്കുന്നത്.
കണ്ടക്ടര്‍ ഉടന്‍ എമര്‍ജന്‍സി നമ്പറായ 112ല്‍ വിളിച്ച് പരാതിപ്പെട്ടു. തുടര്‍ന്നു പുലര്‍ച്ചെ 2.30ഓടെ പ്രതി നിസാമുദ്ദീനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 9.30നു കണ്ണൂരിലെ പള്ളിക്കുളത്തുനിന്നാണു പ്രതി നിസാമുദ്ദീന്‍ കെ എസ് ആര്‍ ടി സിയില്‍ കയറുന്നത്. കണ്ണൂരിലെ തന്നെ ചാലമാര്‍ക്കറ്റ് സ്റ്റോപ്പില്‍നിന്നാണ് യുവതി കയറിയത്.
റിസര്‍വ് ചെയ്താണു യുവതി എത്തിയിരുന്നത്. മൂന്നുപേര്‍ക്ക് ഇരക്കാവുന്ന സീറ്റിലെ വീന്‍ഡോ സീറ്റായിരുന്നു യുവതിയുടേത്. യുവതിയുടെ അരികിലുള്ള മധ്യത്തിലെ സീറ്റായിരുന്നു പ്രതിയുടേത്. രാത്രി വൈകിയതോടെ യുവതി ഉറക്കത്തിലായിരുന്നു. പലപ്പോഴും കെ എസ് ആര്‍ ടി സിയില്‍ യാത്രചെയ്തിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു അനുഭവം ആദ്യമാണെന്നാണു യുവതി പറയുന്നത്.
ബസ് കോഴിക്കോട് കഴിഞ്ഞപ്പോഴാണ് യുവാവിന്‍റെ ശല്യം ശ്രദ്ധയില്‍പ്പെടുന്നത്. ഉറക്കത്തിലായതിനാല്‍ തന്നെ ആദ്യം എന്താണു സംഭവിക്കുന്നതെന്നു യുവതിക്കു മനസിലായില്ല. ഉരസലിനു പുറമെ കൈകൊണ്ടു തലോടലും കണ്ടതോടെ യുവതി ആദ്യം ഇയാളോടു കാര്യം പറഞ്ഞു. സംഭവം കണ്ടക്ടറോടും പറഞ്ഞതോടെ നിസാമുദ്ദീനെ അടുത്തുള്ള സീറ്റിലേക്ക് നീക്കിയിരുത്തുകയും ചെയ്തു.
എന്നാല്‍ ബസ് പോയിത്തുടങ്ങിയതോടെ വീണ്ടും യുവതിയ്ക്കരികില്‍ എത്തിയ യുവാവ് വീണ്ടും സമാനമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതോടെ നിയന്ത്രണം വിട്ട യുവതി ശബ്ദമുണ്ടാക്കിയതോടെയാണ് കണ്ടക്ടറും മറ്റു യാത്രക്കാരും ഇടപെട്ടത്. എമര്‍ജന്‍സി നമ്പറില്‍ വിളിച്ചു പറഞ്ഞതുപ്രകാരം വിവരം വളാഞ്ചേരി പോലീസില്‍ എത്തി. തുടര്‍ന്നു പുലര്‍ച്ചെ 2.30ഓടെയാണു വളാഞ്ചേരി പോലീസ് പ്രതിയെ പിടികൂടുന്നത്.