തിരുവനന്തപുരം: മദ്യ ലഹരിയിൽ അതിക്രമം കാട്ടിയ പൊലീസുകാരൻ പിടിയിൽ. ബേക്കറി ജം‌ക്‌ഷനിൽ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച ടെലികമ്യൂണിക്കേഷൻ സിപിഒ ആർ.ബിജുവിനാണ് മർദനമേറ്റത്. വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച ബിജുവിനെ നാട്ടുകാർ മർദിക്കുകയായിരുന്നു. ബിജുവിനും നാട്ടുകാർക്കുമെതിരെ കേസെടുത്തു.

ബിജുവിനെതിരെ നേരത്തെയും പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്ഐയെ ആക്രമിച്ചതിന് നേരത്തെ റിമാൻഡിലായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് വകുപ്പുതല നടപടികൾ നേരിട്ടിരുന്നു. പട്ടത്തെ ടെലി കമ്മ്യൂണിക്കേഷൻ ആസ്ഥാനത്താണ് ബിജു ജോലി ചെയ്യുന്നത്.

കോഴിക്കോടായിരുന്ന ബിജുവിനെ അച്ചടക്ക നടപടിയുടെ ഭാഗമായാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. ബാലരാമപുരം സ്വദേശിയാണ്. ബിജുവിനെ നാട്ടുകാർ മർദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നു.
രാവിലെ 9 മണിയോടെ ബിജു ബേക്കറി ജംക്‌ഷനിലെ ലോഡിങ് തൊഴിലാളിയുടെ വീട്ടിലേക്ക് മതിൽ ചാടി കടക്കുകയായിരുന്നു. ബിജുവിന് പരിചയമുള്ള വീടായിരുന്നില്ല അത്.

ലോഡിങ് തൊഴിലാളിയുടെ വീട്ടുകാർ പരിഭ്രാന്തരായി ബഹളംവച്ചു. ലോഡിങ് തൊഴിലാളികളും സുഹൃത്തുക്കളും ചേർന്ന് വടികൾ ഉപയോഗിച്ച് ബിജുവിനെ മർദിക്കുകയായിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയതിന് ബിജുവിനെതിരെയും മർദിച്ചതിന് ലോഡിങ് തൊഴിലാളികൾക്കെതിരെയും കേസെടുത്തു. ബിജു ഏറെ നാളായി ജോലിക്ക് ഹാജരായിരുന്നില്ലെന്ന് ടെലി കമ്മ്യൂണിക്കേഷൻ അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *