ചെന്നൈ: രാഷ്ട്രീയത്തിലേക്കുള്ള സൂചന നൽകി തമിഴ് താരം വിജയ്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്ദ്യാർത്ഥികളെ അനുമോദിക്കുന്നു ചടങ്ങിലാണ് വിജയ് രാഷ്ട്രീയ സൂചന നൽകിയത്.

നാളത്തെ വോട്ടർമാർ നിങ്ങളാണെന്ന് വിജയ് കുട്ടികളെ അഭിസംബോധന ചെയ്തു പറഞ്ഞു. പണം വാങ്ങി വോട്ട് ചെയ്യരുതെന്നും നടൻ കുട്ടികളോടു വ്യക്തമാക്കി. വിജയ് മക്കൾ ഇയക്കം എന്ന ആരാധക സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്.

‘‘നമ്മുടെ വിരൽ വച്ച് സ്വന്തം കണ്ണുകൾ തന്നെ കുത്തുകയെന്നു കേട്ടിട്ടുണ്ടോ. അതാണ് ഇപ്പോൾ നടക്കുന്നത്. കാശു വാങ്ങി വോട്ട് ചെയ്യുന്നതിലൂടെ നമ്മളും അതാണ് ചെയ്യുന്നത്. ഒരു വോട്ടിന് 1000 രൂപ എന്നു വിചാരിക്കുക. ഒന്നര ലക്ഷം പേർക്ക് ഇങ്ങനെ കൊടുക്കുകയാണെങ്കിൽ 15 കോടി വരും. ജയിക്കാൻ 15 കോടി ചെലവാക്കുന്നവർ അതിലുമെത്ര നേരത്തേ സമ്പാദിച്ചുകാണുമെന്നു ചിന്തിച്ചാൽ മതി.

വിദ്യാഭ്യാസ സമ്പ്രദായത്തിൽ കുട്ടികൾക്ക് ഇതെല്ലാം പഠിപ്പിച്ചുകൊടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കാശു വാങ്ങി വോട്ട് ചെയ്യരുതെന്ന് മാതാപിതാക്കളോടു നിങ്ങൾ ഓരോരുത്തരും പറയണം.’’ – ശനിയാഴ്ച നടന്ന പരിപാടിയുടെ വിഡിയോ ഇപ്പോൾ വൈറൽ ആകുകയും ചെയ്തു.

ലോക പട്ടിണി ദിനത്തിൽ തമിഴ്നാട്ടിൽ എല്ലായിടത്തും ഫാൻസ് അസോസിയേഷനുകൾ വിജയ്ക്കുവേണ്ടി ഉച്ചഭക്ഷണ വിതരണം നടത്തിയിരുന്നു. അംബേദ്കർ ദിനത്തിൽ സംസ്ഥാനത്തെ എല്ലാ അംബേദ്കർ പ്രതിമകളിലും ഹാരാർപ്പണം നടത്തണമെന്നും വിജയ് നിർദേശിച്ചിരുന്നു. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ വിജയ് മക്കൾ ഇയക്കം കുറച്ച് സീറ്റുകൾ നേടിയിരുന്നു. ആ ആത്മവിശ്വാസം മുൻനിർത്തിയാണ് വിജയ് കരുക്കൾ നീക്കുന്നതെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *