തിരുവനന്തപുരം∙ നിയമസഭയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ആറു പ്രതിപക്ഷ എംഎൽഎമാർക്കെതിരെ അവകാശ ലംഘനത്തിനു നിയമസഭാ സെക്രട്ടറി നോട്ടിസ് നൽകി. റോജി എം.ജോൺ, സനീഷ് കുമാർ ജോസഫ്, ടി.സിദ്ദിഖ്, അൻവർ സാദത്ത്, എ.കെ.എം.അഷ്റഫ്, മാത്യു കുഴൽനാടൻ എന്നിവർക്കാണ് നോട്ടിസ് നൽകിയത്. വി.കെ.പ്രശാന്ത് എംഎൽഎയുടെ പരാതിയിലാണ് നോട്ടിസ്.

അടിയന്തരപ്രമേയ നോട്ടിസിന് തുടർച്ചയായി അവതരണാനുമതി നിഷേധിച്ചതിനെതിരെ പ്രതിപക്ഷം സ്പീക്കറുടെ ഓഫിസിനു മുന്നിൽ നടത്തിയ സമരം കയ്യേറ്റത്തിലെത്തുകയായിരുന്നു. ഉപരോധ സമരം നേരിടാനുള്ള വാച്ച് ആൻഡ് വാർഡിന്റെയും ഭരണപക്ഷ അംഗങ്ങളുടെയും ശ്രമമാണ് അസാധാരണ സംഘർഷത്തിലേക്ക് നയിച്ചത്. കെ.കെ.രമയുടെ കൈയ്ക്ക് പൊട്ടലുണ്ടായി. വാച്ച് ആൻഡ് വാർഡിന്റെ കയ്യേറ്റത്തിൽ പരുക്കേറ്റ സനീഷ് കുമാർ ജോസഫും ചികിത്സ തേടി. വാച്ച് ആൻഡ് വാർഡിനു പുറമേ എച്ച്.സലാം, സച്ചിൻദേവ്, എം.വിജിൻ, കെ.ആൻസലൻ എന്നീ ഭരണപക്ഷ എംഎൽഎമാരും മർദിച്ചെന്നാണ് പ്രതിപക്ഷ ആരോപണം. പ്രതിപക്ഷ എംഎൽഎമാരും സ്റ്റാഫും മർദിച്ചതായി വാച്ച് ആൻഡ് വാർഡും ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *