മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് പോലീസ് മർദിച്ചെന്ന് പരാതി. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ വാഹനത്തിന് സൈസ് കൊടുത്തില്ലെന്ന കാരണം പറഞ്ഞാണ് ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെ പൊലീസ് മർദ്ദിച്ചത്. കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്ത് വെച്ച് മന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരാണ് സാദിഫിനെ മർദ്ദിച്ചത്.
മീൻ ലോറിയിലെ ഡ്രൈവറായിരുന്നു സാദിഫ്. ചോമ്പാലയിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്നു ഇവർ. പൊലീസ് മർദ്ദനത്തെ തുടർന്ന് സാദിഫ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. ഇയാളുടെ കൈക്ക് പരിക്കുണ്ട്. കുപിതരായ നാട്ടുകാർ മന്ത്രിയെ തടഞ്ഞ് പ്രതിഷേധിച്ചു.