ന്യൂഡൽഹി ∙ വിദേശ വിനിമയചട്ടം ലംഘിച്ചെന്ന കേസിൽ പ്രമുഖ വ്യവസായി അനിൽ അംബാനിയുടെ ഭാര്യയും മുതിർന്ന നടിയുമായ ടീന അംബാനിയെ വിളിച്ചുവരുത്തി എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റ് (ഇഡി). അനിൽ അംബാനിയെ ചോദ്യം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണു ടീനയോടു ഹാജരാകാൻ ആവശ്യപ്പെട്ടത്.

അംബാനിയുടെ കമ്പനികളുടെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട പുതിയ കേസിലാണു ടീനയെ വിളിപ്പിച്ചതെന്നാണു വിവരം. കേസ് വിവരങ്ങൾ ഇഡി പുറത്തുവിട്ടിട്ടില്ല. റിലയൻസ് അനിൽ ധിരുഭായ് അംബാനി ഗ്രൂപ്പ് (എഡിഎജി) ചെയർമാനാണ് അനിൽ അംബാനി. യെസ് ബാങ്ക് പ്രമോട്ടർ റാണാ കപൂറുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ 2020ൽ അനിലിനെ ഇഡി ചോദ്യംചെയ്തിരുന്നു.

2006-2007, 2010-2011 കാലയളവിൽ രണ്ട് സ്വിസ് ബാങ്ക് അക്കൗണ്ടുകളിലായി 814 കോടി രൂപയിലേറെ നിക്ഷേപിച്ചതിൽ നികുതിവെട്ടിപ്പു ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ആദായനികുതി വകുപ്പ് അനിൽ അംബാനിക്ക് നോട്ടിസ് അയച്ചിരുന്നു. നികുതിയായി 420 കോടി രൂപയും പലിശയുമാണു പിഴയായി അടയ്ക്കേണ്ടി വരിക.

Leave a Reply

Your email address will not be published. Required fields are marked *