യാത്രക്കാരുടെ കുറവ് മറികടക്കാന്‍ ചില ഹ്രസ്വദൂര വന്ദേഭാരത് സര്‍വീസുകളിലെ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നകാര്യം റെയില്‍വേ പരിഗണിക്കുന്നു. യാത്രക്കാർ കുറവുള്ള ഇന്‍ഡോര്‍-ഭോപ്പാല്‍, ഭോപ്പാല്‍-ജബല്‍പുര്‍, നാഗ്പുര്‍-ബിലാസ്പുര്‍ തുടങ്ങിയ ചില റൂട്ടുകളില്‍ ടിക്കറ്റ് നിരക്ക് കുറച്ച് കൂടുതല്‍ യാത്രക്കാരെ എത്തിക്കുകയാണ് ലക്ഷ്യം.

അതേസമയം ചുരുക്കം ചില റൂട്ടുകളൊഴികെ വന്ദേഭാരത് എക്‌സ്പ്രസുകള്‍ സര്‍വീസ് നടത്തുന്ന മിക്ക റൂട്ടുകളിലും സീറ്റുകള്‍ നിറഞ്ഞു തന്നെയാണ് തീവണ്ടി ഓടുന്നതെന്നും റെയില്‍വേ വ്യക്തമാക്കുന്നു.കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകളാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളത്.

ജൂണിലെ കണക്കുകള്‍ പ്രകാരം ഭോപ്പാല്‍-ഇന്‍ഡോര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസില്‍ 29 ശതമാനം യാത്രക്കാരെ ഉണ്ടായിരുന്നുള്ളൂ. തിരിച്ചുള്ള സര്‍വീസില്‍ യത്രാക്കാരുടെ എണ്ണം 21 ശതമാനവും. ഭോപ്പാലില്‍ നിന്ന് ഇന്‍ഡോറിലേക്കുള്ള വന്ദേഭാരത് യാത്രയ്ക്ക് എസി ചെയര്‍ കാറിന് 950 രൂപയാണ് നിലവില്‍ ഈടാക്കുന്നത്. എക്‌സിക്യുട്ടീവ് ചെയര്‍ കാറില്‍ 1525 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

നാഗ്പുര്‍-ബിലാസ്പുര്‍ റൂട്ടില്‍ ടിക്കറ്റ് നിരക്ക് ചെയര്‍ കാറില്‍ 1075 രൂപയും എക്‌സിക്യുട്ടീവ് ചെയര്‍കാറില്‍ 2045 രൂപയുമാണ്. ഭോപ്പാല്‍-ജബല്‍പുര്‍ റൂട്ടില്‍ യാഥക്രമം 1055 ഉം 1880 രൂപയുമാണ് നിരക്ക്. പകുതിയിലേറെ സീറ്റുകളും കാലിയായിട്ടാണ് ഈ റൂട്ടുകളിലൊക്കെ വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. ഈ സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്ക് കുറയ്ക്കാനുള്ള നീക്കം നടത്തുന്നത്.

24 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 46 വന്ദേഭാരത് ട്രെയിനുകള്‍ രാജ്യത്തുടനീളമായി സര്‍വീസ് നടത്തുന്നുണ്ട്. ഇതില്‍ കേരളത്തിലോടുന്ന ട്രെയിനാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്നത്.

കാസര്‍കോട്-തിരുവനന്തപുരം റൂട്ടില്‍ 183 ശതമാനമാണ് ശരാശരി യാത്രക്കാര്‍. തിരുവനന്തപുരം-കാസര്‍കോട് റൂട്ടില്‍ 176 ശതമാനവും. ഗാന്ധിനഗര്‍-മുംബൈ സെന്‍ട്രല്‍ പാതയിലോടുന്ന വന്ദേഭാരതാണ് മൂന്നാം സ്ഥാനത്ത്. 134 ശതമാനമാണ് ഇതിലെ ശരാശരി യാത്രക്കാര്‍.

Leave a Reply

Your email address will not be published. Required fields are marked *