മുതലപ്പൊഴിയിൽ മൽസ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി സുരേഷ് ഫെർണാണ്ടസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മറ്റ് രണ്ട് പേർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.
കൊച്ചിയിൽ നിന്നെത്തിയ നാവിക സേനാ ടീം താഴംപള്ളി ഭാഗത്തെ പുലിമുട്ടിനിടയിൽ നടത്തിയ തെരച്ചിലിലാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാൾ ധരിച്ച ഷർട്ട് ടെട്രാപോടുകൾക്ക് ഇടയിൽ കണ്ടതോടെ ഈ ഭാഗം കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തുകയായിരുന്നു. തകർന്ന വള്ളത്തിന്റെ വലയിൽ കുടുങ്ങിയ നിലയിലായിരുന്നു സുരേഷിന്റെ മൃതദേഹം.
കഴിഞ്ഞ ദിവസം ഈ പുലിമുട്ടിനിടയിൽ തെരച്ചിലൊന്നും നടന്നിരുന്നില്ല. കടലിലും അഴിമുഖത്തും മാത്രമായിരുന്നു പരിശോധന.
ഇന്നലെ പുലർച്ചെയാണ് വള്ളം മറിഞ്ഞ് നാല് പേർ അപകടത്തിൽ പെട്ടത്. ഇതിൽ കുഞ്ഞുമോന്റെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. അപകടത്തിൽപ്പെട്ട രണ്ട് മൽസ്യത്തൊഴിലാളികളെ കൂടി ഇനി കണ്ടെത്താനുണ്ട്. കാണാതായ ബിജു, റോബിൻ എന്നിവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. അടിയൊഴുക്ക് ശക്തമായതിനാൽ മുങ്ങിത്തപ്പൽ പ്രായോഗികമല്ലെന്നാണ് നേവിയും കോസ്റ്റൽ പൊലീസും വിശദീകരിക്കുന്നത്