ന്യൂഡല്‍ഹി: ചെക്ക് എഴുത്തുകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു. 94 വയസായിരുന്നു. ചെക്ക് ടിവിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദ അൺബെയറബിൾ ലൈറ്റ്‌നെസ് ഓഫ് ബീയിംഗ് (The Unbearable Lightness of Being) എന്ന പ്രശസ്ത നോവലിന്റെ രചയിതാവാണ്. ജോക്ക് (Joke), ലൈഫ് ഈസ് എല്‍സ്വെയര്‍ (Life Is Elsewhere), ദ ബുക്ക് ഓഫ് ലാഫ്റ്റര്‍ ആന്‍ ഫോര്‍ഗെറ്റിംഗ് (The Book of Laughter and Forgetting) എന്നിവയാണ് മറ്റ് പ്രധാന സൃഷ്ടികള്‍.

ചെക്ക് നഗരമായ ബ്രണോയില്‍ 1929-ലാണ് ജനനം. പ്രശസ്ത സംഗീതജ്ഞനായ ലു‍ഡ്വിക് കുന്ദേരയാണ് പിതാവ്. സംഗീത മേഖലയിലായിരുന്നു മിലന്‍ ആദ്യമെങ്കിലും പിന്നീട് എഴുത്തിലേക്ക് തിരിയുകയായിരുന്നു. 1952-ൽ പ്രാഗിലെ അക്കാദമി ഓഫ് മ്യൂസിക് ആൻഡ് ഡ്രമാറ്റിക് ആർട്‌സിൽ സാഹിത്യ അധ്യാപകനായി സേവനം അനുഷ്ടിച്ചിരുന്നു.

1948-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ചെര്‍ന്ന് നിന്നു മിലന്‍. പിന്നീട് 1950-ല്‍ പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കുകയും 1956-ല്‍ തിരിച്ചെടുക്കുകയും ചെയ്തു. 1970 വരെ അദ്ദേഹം പാര്‍ട്ടിയില്‍ അംഗമായി തുടര്‍ന്നു. 1968-ലെ സോവിയറ്റ് അധിനിവേശത്തെ വിമർശിച്ചതിന് പുറത്താക്കപ്പെട്ടതിന് ശേഷം 1975-ൽ അദ്ദേഹം ഫ്രാൻസിലേക്ക് കുടിയേറി.

അദ്ദേഹവും ഭാര്യയുടെ ഫ്രാൻസിലേക്ക് പോയത് ഒരു സർവ്വകലാശാലയിലെ ഒരു ചെറിയ ജോലിക്ക് വേണ്ടിയായിരുന്നു. കമ്മ്യൂണിസ്റ്റ് സർക്കാർ 1979-ൽ കുന്ദേരയുടെ പൗരത്വം റദ്ദാക്കുകയും ചെയ്തു. അതിന് ശേഷം ജന്മനാട്ടിലേക്ക് അദ്ദേഹം മടങ്ങിയില്ല.

1979-ൽ ഫ്രാൻസിൽ ദി ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫോർഗെറ്റിംഗ് പ്രസിദ്ധീകരിച്ചതിന് ശേഷം ചെക്ക് അധികൃതർ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ നിരോധിച്ചു. ഇതിന് ശേഷമാണ് പൗരത്വം റദ്ദാക്കിയതും. പ്രസ്തുത പുസ്തകത്തിൽ, മിലന്‍ കുന്ദേര അന്നത്തെ ചെക്കോസ്ലോവാക് പ്രസിഡന്റ് ഗുസ്താവ് ഹുസാക്കിനെ “മറവിയുടെ പ്രസിഡന്റ്” എന്ന് അഭിസംബോധന ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *