പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതിയുടെ അനുമതി. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅ്ദനി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്. സ്ഥിരമായി കേരളത്തില്‍ നില്‍ക്കാനാണ് അനുമതി. 15 ദിവസത്തില്‍ ഒരിക്കല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം.
കേരളത്തിലേക്ക് പോകാൻ നേരത്തെ സുപ്രീം കോടതി ഇളവ് നൽകിയിരുന്നെങ്കിലും പിതാവിനെ കാണാൻ കഴിയാതെ മടങ്ങിയെന്നും കേരളത്തിലേക്ക് പോകാൻ വീണ്ടും അനുമതി നൽകണമെന്നുമായിരുന്നു മഅദനിയുടെ ആവശ്യം.

മൂന്നു മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീം കോടതി മഅദനിയുടെ ജാമ്യവ്യവസ്ഥയിൽ അനുവദിച്ചിരുന്നെങ്കിലും കർണാടക പൊലീസിന്റെ ചെലവ് താങ്ങാനാകാത്തതിനാൽ കഴിഞ്ഞ മാസം 26നാണ് മഅദനി കേരളത്തിലെത്തിയത്. തുടർന്ന് ജൂലൈ ആറിന് തിരികെ പോകുകയും ചെയ്തു. രോഗാവസ്ഥയിലുള്ള പിതാവിനെ കാണാനാണ് മഅദനി കേരളത്തിലെത്തിയത്.

മഅദനിക്കു ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ദീർഘദൂര യാത്ര അനുവദിക്കാൻ കഴിയില്ലെന്നുമുള്ള മെഡിക്കൽ സംഘത്തിന്റെ നിർദേശത്തെ തുടർന്നാണ് കൊല്ലത്ത് എത്തി പിതാവിനെ കാണാനുള്ള ശ്രമം ഉപേക്ഷിച്ചത്. മഅദനിയുടെ പിതാവിനെ കൊച്ചിയിൽ എത്തിക്കാൻ ആലോചനയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ അനാരോഗ്യം മൂലം അതും കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *