ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി വന്നോട്ടെ എന്നാണ് ശ്രീധ​രൻ ഇന്ന് പറഞ്ഞത്. ഇതാണ് കേരളത്തിൽ നടക്കുന്ന അടിയൊഴുക്ക്. എൽഡിഎഫിനെ തകർക്കലാണ് ആർഎസ്എസ് ലക്ഷ്യം. മെട്രോമാൻ ഇ ശ്രീധരനെതിരെ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫ് വരട്ടെ എന്ന് പറയുന്നത് ബി.ജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ്. ഇത് എന്തിൻ്റെ പുറപ്പാടാണെന്ന് ജനത്തിന് മനസിലാകുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ഒരു തെരെഞ്ഞെടുപ്പും കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ആവർത്തനം ആകില്ല. പക്ഷേ തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം നിയമസഭാതെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയാണ്. ഇടതുപക്ഷ പ്രവർത്തകർ ജാഗ്രത പാലിച്ചാൽ തുടർഭരണം ഉണ്ടാവും. വലതുപക്ഷ കക്ഷികൾ എല്ലാ മരണ കളിയും ആരംഭിച്ചുകഴിഞ്ഞു. സർക്കാറിനെതിനെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ആരോപണങ്ങൾ ഉന്നയിച്ചു. ബി ജെ പി ക്ക് പിൻസീറ്റ് ഡ്രൈവിംഗ് നടത്താൻ കഴിയുന്ന സർക്കാരുണ്ടാവണം എന്നാണ് ആ​ഗ്രഹം. തൂക്ക് സഭയുണ്ടാകണമെന്നാണ് അവർ ആ​ഗ്രഹിക്കുന്നത്.
കൈപ്പത്തിയിൽ താമര വിരിയിക്കാൻ അവർക്കറിയാം. മോദി പറഞ്ഞത് അനുസരിച്ചാണ് ഇ ശ്രീധരനെ പിടികൂടിയത്. ശ്രീധരന് എവിടെ വേണമെങ്കിലും ചേരാം. കേന്ദ്ര ഭരണം ഉപയോഗിച്ച് ചിലരെ പാർട്ടിയിലേക്ക് ആകർഷിക്കുകയാണ്. ഒരു സീറ്റു പോലുമില്ലാത്ത സ്ഥലത്ത് മുഖ്യമന്ത്രിയാകാം എന്നാണ് പറയുന്നത്.

പി.എസ്‍.സി ഉദ്യോഗാർഥികളുടെ പ്രശ്നം പരിഹരിക്കാന്‍ സമരക്കാർ സർക്കാറിനെ സമീപിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു . സമരകോലാഹലം നടത്തി സര്‍ക്കാരിനെ വീഴ്ത്താമെന്ന് കരുതരുത്. യുദ്ധത്തിന് പുറപ്പെട്ടാല്‍ അതിന് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്നും കോടിയേരി പറഞ്ഞു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് യൂണിയന്‍ വാർഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

പ്രശ്നങ്ങൾ തുറന്ന് ചർച്ച ചെയ്യാനുള്ള മനസ് സർക്കാരിനുണ്ട്. പ്രതിപക്ഷത്തിന്‍റെ കെണിയിൽ വീഴാതെ ചർച്ചക്ക് ശ്രമിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. രാഷ്ട്രീയമായി സമരത്തെ ഉപയോഗിക്കുന്നവരുടെ കെണിയിൽ വീഴാതിരിക്കുക. ഉദ്യോഗാർത്ഥികളുടെ സമരം യൂത്ത് കോൺഗ്രസ് ഹൈജാക്ക് ചെയ്തു. ചൂഷണം ചെയ്ത് കേരളത്തെ കലാപ ഭൂമിയാക്കാനാണ് ശ്രമം. റാങ്ക് ലിസ്റ്റിലുള്ള എല്ലാവര്‍ക്കും ജോലി കിട്ടാറില്ലെന്നും കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *