വനിതാ ഗുസ്തി താരങ്ങൽ നൽകിയ പീഡന കേസിൽ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനായി ഹാജരായത് നിർഭയ കേസിൽ നീതിക്കായി പോരാടിയ അഭിഭാഷകൻ. 2012ലെ നിര്‍ഭയ പീഡനക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന രാജീവ് മോഹനാണ് ചൊവ്വാഴ്ച ദില്ലിയിലെ റോസ് അവന്യൂ കോടതിയില്‍ ബ്രിജ്‌ഭൂഷണിന് വേണ്ടി ഹാജരായത്.രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം കോടതി ബ്രിജ് ഭൂഷണ് അനുവദിച്ചു. ജാമ്യാപേക്ഷയില്‍ ജൂലൈ 20നാവും വാദം കേള്‍ക്കുക.

2020 മാര്‍ച്ചിലാണ് നിര്‍ഭയ പീഡനക്കേസിലെ നാല് പ്രതികളെ തൂക്കിക്കൊന്നത്. രാജ്യ വ്യാപകമായ പ്രതിഷേധങ്ങള്‍ക്കും വന്‍ ചര്‍ച്ചകള്‍ക്കുമിടയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് മരണത്തിന് കീഴടങ്ങിയ പെണ്‍കുട്ടിക്ക് വേണ്ടി കോടതിയില്‍ വാദിച്ച അഭിഭാഷകനായിരുന്നു രാജീവ് മോഹന്‍.

മുൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. ബ്രിജ് ഭൂഷണെതിരായ നടപടി തുടരുന്നതിനുള്ള നിരവധി തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ഹാജരാകാൻ നിർദ്ദേശിച്ചത്. ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗിക പീഡന കേസില്‍ ബി ജെ പി എം പി ബ്രിജ് ഭൂഷണെതിരായ കുറ്റപത്രം ദില്ലി പൊലീസ് നേരത്തെ സമര്‍പ്പിച്ചിരുന്നു. ആറ് ഗുസ്തി താരങ്ങളുടെ പരാതിയില്‍ ആയിരത്തി അഞ്ഞൂറോളം പേജുള്ള കുറ്റപത്രമാണ് ദില്ലി പൊലീസ് റോസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *