ലോക്ഡൗണിന് ശേഷം മദ്യശാലകള്‍ തുറന്ന ആദ്യ ദിവസം തന്നെ കേരളത്തില്‍ റെക്കോര്‍ഡിട്ട് മദ്യ വില്‍പ്പന. കഴിഞ്ഞ ദിവസം മാത്രം 51 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്.

ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥആനത്ത് മദ്യവില്‍പ്പന പുനരാരംഭിച്ചത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മദ്യ വില്‍പ്പന നടന്നത്. 68 ലക്ഷം രൂപയുടെ മദ്യമാണ് പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയിലെ ഔട്ട്‌ലെറ്റില്‍ വിറ്റത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തുകയ്ക്ക് മദ്യ വില്‍പന നടന്ന ഔട്ട്‌ലെറ്റാണിത്.

തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലുള്ള ഔട്ട്‌ലെറ്റിലാണ് രണ്ടാമതായി ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. 65 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റുപോയത്. ഇരിഞ്ഞാലക്കുടയിലെ ഔട്ട്‌ലെറ്റില്‍ 64 ലക്ഷം രൂപയുടെ മദ്യവും വില്‍പന നടന്നു.

കൊവിഡ് രണ്ടാം തരംഗം ശക്തമായതോടെ ഏപ്രില്‍ 26നായിരുന്നു സംസ്ഥാനത്ത് മദ്യവില്‍പ്പന നിര്‍ത്തിവെച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയതോടെ ബെവ്‌കോയുടെ 225 ഔട്ട്‌ലെറ്റുകളാണ് വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള പ്രദേശങ്ങളിലെ 35 ഔട്ട്‌ലെറ്റുകള്‍ തുറന്നിട്ടില്ല.
ബെവ്‌കോ ആപ്പ് വഴിയുള്ള മദ്യ വില്‍പ്പന പുനരാരംഭിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് നേരിട്ട് വന്ന് തന്നെ വാങ്ങാമെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.

ബെവ്‌കോ ആപ്പ് പ്രവര്‍ത്തനക്ഷമമാകാന്‍ കൂടുതല്‍ ദിവസങ്ങളെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചതോടെയാണ് നേരിട്ടു ചെന്ന് മദ്യം വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *