കോഴിക്കോട്: കോവൂരിന് സമീപം വയലിൽ വീണു കിടന്നിരുന്ന വൈദ്യുതി കമ്പിയിൽ തട്ടി മരണമടഞ്ഞ കുന്ദമംഗലം സ്വദേശി ഷമീറിൻറെ അവകാശികൾക്ക് 10 ലക്ഷം രൂപ കെഎസ്ഇബി നഷ്ട പരിഹാരം നൽകാൻ തീരുമാനമായി. 5.8.2019 തീയതിയാണ് കോവൂരിലെ കടയിൽ ജോലി ചെയ്തിരുന്ന ഷമീർ കടയിലേക്ക് ഗോഡൗണിൽ നിന്ന് സാധനങ്ങൾ എടുക്കാൻ പോകവേ വയലിൽ പൊട്ടി വീണു കിടന്നിരുന്ന വൈദ്യുതി ലൈൻ തട്ടി മരണമടഞ്ഞത്.

കെഎസ്ഇബിയുടെ അനാസ്ഥയും അശ്രദ്ധയും മൂലമാണ് തൻറെ മകന് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതെന്നും ആയതിൽ മതിയായ നഷ്ട പരിഹാരം ലഭിച്ചില്ലെന്നും മതിയായ നഷ്ട പരിഹാരം ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ഷമീറിൻറെ മാതാവ് ജാസ്മിൻ പരാതിയുമായി ജില്ലാ നിയമസേവന അതോറിറ്റിയെ സമീപിച്ചത്.

ജില്ലാ നിയമസേവന അതോറിറ്റിയിൽ നടന്ന അദാലത്തിലാണ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനമായത്. അദാലത്തിൽ മരിച്ച ഷമീറിൻറെ മാതാവ് ജാസ്മിൻ സഹോദരങ്ങളായ ശബാബ് ,സുൽത്താൻ, കെഎസ്ഇബി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്തോഷ്, നോഡൽ ഓഫീസർ ചന്ദ്രശേഖരൻ പങ്കെടുത്തു. അദാലത്തിന് സബ് ജഡ്ജും ജില്ലാ നിയമസേവന അതോററ്റി സെക്രട്ടറിയുമായ എംപി ഷൈജൽ നേതൃത്വം നൽകി.31.10.2023 നകം തുക നൽകാനാണ് തീരുമാനമായത്.

Leave a Reply

Your email address will not be published. Required fields are marked *