ഇംഫാൽ: മണിപ്പുരിൽ കലാപം തുടരുന്നതിനിടെ അർദ്ധ സൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥന്റെ കാലുപിടിച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ച് കുക്കി വനിതകൾ. അസം റൈഫിൾസിലെ ജവാന്റെ കാലുപിടിച്ച് കുക്കി വനിതകൾ അപേക്ഷിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കാങ്‌പോക്‌പി മേഖലയിൽ കുക്കികളെ അക്രമികളിൽനിന്ന് സംരക്ഷിക്കുന്ന അസം റൈഫിൾസ് പിന്മാറാൻ ശ്രമിച്ചപ്പോഴാണ് വനിതകൾ കൂട്ടത്തോടെയെത്തി ജവാന്റെ കാലുപിടിച്ചത്.

അസം റൈഫിള്‍സിനെ ചുരാചന്ദ്പുരിലേക്കു മാറ്റാനായി നീക്കംനടക്കുന്നെന്ന് അറിഞ്ഞതോടെയായിരുന്നിത്. ഇതിനെതിരെ വനിതകളുടെ നേതൃത്വത്തിൽ ധർണയും നടത്തി. ഇംഫാൽ വെസ്റ്റുമായി അതിർത്തി പങ്കിടുന്നതാണു കുക്കികൾ കൂടുതലായി താമസിക്കുന്ന കാങ്‌പോക്‌പി. അസം റൈഫിൾസ് പിന്മാറിയാൽ മെയ്‌തെയ് വിഭാഗം അക്രമിക്കാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു വനിതകളുടെ പ്രതിഷേധം. ഇതോടെ പ്രദേശത്തുനിന്ന് പിന്മാറാനുള്ള നീക്കം അസം റൈഫിള്‍സ് ഉപേക്ഷിച്ചു.

അതേസമയം, ഇന്നലെ ബിഷ്‌ണുപുരിൽ ഇന്ത്യാ ബെറ്റാലിയന്‍ റിസർവ് ക്യാംപിൽനിന്ന് മെയ്‌തെയികൾ ആയുധങ്ങൾ കൊള്ളയടിച്ചു. മുന്നൂറിലധികം തോക്കുകൾ കവർച്ച ചെയ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിനു പുറമെ ഇംഫാലിലും ആയുധ കവർച്ച നടന്നതായി അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. മണിപ്പുരിൽ ഇതുവരെ സംഘർഷത്തിന് അയവുണ്ടായിട്ടില്ല.

മെയ്‌തെയ്‌കൾ വിവിധ സ്ഥലങ്ങളിലായി റോഡ് ഉപരോധിക്കുകയാണ്. പലയിടങ്ങളിലും ആയുധങ്ങളുമായി മെയ്‌തെയ്‌കൾ നിലയുറപ്പിച്ചിട്ടുണ്ട്. ഇന്നലെ ഇംഫാലിൽ നടന്ന വെടിവയ്പ്പിൽ പൊലീസുകാരൻ മരിച്ചതായും റിപ്പോർട്ടുണ്ട്. മണിപ്പുർ കലാപത്തിൽ ഇതുവരെ 160ലേറെപ്പേരാണു കൊല്ലപ്പെട്ടത്. 129 പേർ കുക്കി–സോ ഗോത്രവിഭാഗക്കാരാണ്.

Leave a Reply

Your email address will not be published. Required fields are marked *