ഉത്തർപ്രദേശിലെ മുസഫർ നഗറിൽ സഹപാഠികളെ കൊണ്ട് അധ്യാപിക വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട ഓൾട്ട് ന്യൂസിനെതിരെ കേസ്. കുട്ടിയെ തിരിച്ചറിയും വിധം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെയാണ് കേസ്

അതേ സമയം, അധ്യാപികയുടെ നിർദേശമനുസരിച്ച് തന്നെ സഹപാഠികൾ ഒരു മണിക്കൂറിലധികം തല്ലിയെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നുമാണ് മര്‍ദ്ദനമേറ്റ കുട്ടിയുടെ മൊഴി.
നിസാര സംഭവമെന്ന് അധ്യാപിക ആവര്‍ത്തിച്ച് വാദിക്കുമ്പോള്‍, തനിക്കേറ്റത് ക്രൂരമര്‍ദ്ദനമെന്നാണ് കുട്ടിയുടെ മൊഴി. 8 സഹപാഠികള്‍ മാറി മാറി തല്ലി. മര്‍ദ്ദിച്ചവരോട് കൂടുതല്‍ കടുപ്പത്തില്‍ വീണ്ടും വീണ്ടും അടിക്കാന്‍ അധ്യാപിക നിര്‍ദ്ദേശിച്ചു. ഒരു മണിക്കൂറോളം ക്രൂരത നേരിടേണ്ടി വന്നെന്നും കുട്ടി പൊലീസിന് മൊഴി നല്‍കി. അഞ്ചിന്‍റെ ഗുണനപട്ടിക പഠിക്കാതെ വന്നതിലാണ് അധ്യാപിക പ്രകോപിതയായത്. അവധി ദിവസങ്ങളുടെ കണക്ക് നിരത്തി പഠിക്കാത്തത് ചോദ്യം ചെയ്തു. സ്കൂളില്‍ മറ്റൊരാവശ്യത്തിന് എത്തിയ തന്‍റെ ബന്ധുവാണ് ദൃശ്യങ്ങളെടുത്തതെന്നും കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *