ഡൽഹി ഗാന്ധിനഗറിൽ ക്ലാസെടുക്കുന്നതിനിടെ വിദ്യാർത്ഥികളെ അധ്യാപിക വർഗീയമായി അധിക്ഷേപിച്ചെന്ന് ആരോപണം. രാജ്യം വിഭജിക്കപ്പെട്ട സമയത്ത് നിങ്ങളുടെ കുടുംബം എന്തുകൊണ്ടാണ് പാകിസ്താനിലേക്ക് പോകാതിരുന്നതെന്ന് അദ്ധ്യാപിക ചോദിച്ചതായി വിദ്യാർത്ഥികൾ പരാതിപ്പെട്ടു.
ഡൽഹി ​ഗാന്ധിന​ഗറിലെ സർക്കാർ സർവോദയ ബാല വിദ്യാലയത്തിലെ അധ്യാപികയായ ഹേമ ഗുലാത്തിക്കെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്.

നാല് വിദ്യാർഥികളാണ് അധ്യാപിക തങ്ങളെ അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി രം​ഗത്ത് വന്നിരിക്കുന്നത്. ‘വിഭജന സമയത്ത് തങ്ങളുടെ കുടുംബം പാകിസ്താനിലേക്ക് പോകാതിരുന്നത് എന്തുകൊണ്ടാണെന്ന് അവർ ചോദിച്ചു. നിങ്ങൾ ഇന്ത്യയിൽ തന്നെ തുടർന്നു. രാജ്യത്തിന് സ്വാതന്ത്ര്യം നേടി തന്നതിൽ നിങ്ങൾക്ക് ഒരു പങ്കുമില്ലെന്നും’ അധ്യാപിക പറഞ്ഞതായും വിദ്യാർഥികൾ ആരോപിച്ചു.

ഇത്തരം പരാമർശങ്ങൾ നടത്തിയ അധ്യാപികയെ പിരിച്ചുവിടണമെന്ന് വിദ്യാർഥികളുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. ഇവർ ശിക്ഷിക്കപ്പെടാതെ പോയാൽ മറ്റുള്ളവർക്ക് ഈ രീതിയിൽ പെരുമാറാനുള്ള ധൈര്യം വരും. അവർക്ക് അറിവില്ലാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കാതെ പഠിപ്പിക്കാൻ പറയണം. അവർ ഒരു സ്കൂളിലും പഠിപ്പിക്കാൻ പാടില്ല, മാതാപിതാക്കളിൽ ഒരാൾ പറഞ്ഞു.

സംഭവത്തിൽ ഡൽഹി പോലീസ് കേസെടുത്തിട്ടുണ്ട്. കുട്ടികളുടെ ആരോപണങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗറിലെ സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് സംഭവം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *