ഐഎസ്ആർഒയുടെ ബഹിരാകാശ ദൗത്യങ്ങൾക്കായുള്ള വിക്ഷേപണ കൗണ്ട്‌ഡൗണിന് പിന്നിലെ ഐകോണിക് ശബ്ദസാന്നിധ്യമായ ശാസ്ത്രജ്ഞ എൻ വളർമതി(64) അന്തരിച്ചു. ശനിയാഴ്ച ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചന്ദ്രയാന്‍ 3 വിക്ഷേപണ സമയത്താണ് ഏറ്റവും ഒടുവില്‍ വളര്‍മതിയുടെ കൗണ്ട്ഡൗൺ ശബ്ദം കേട്ടത്.
ശ്രീഹരിക്കോട്ടയിലെ മിഷന്‍ കണ്‍ട്രോള്‍ സെന്റര്‍ റേഞ്ച് ഓപ്പറേഷന്‍ വിഭാഗം മാനേജരായിരുന്ന വളർമതി തമിഴ്‌നാട് അരിയനല്ലൂര്‍ സ്വദേശിനിയാണ് . ശ്രീഹരിക്കോട്ടയിൽ നിന്നുമുള്ള ഐഎസ്ആർഒയുടെ ഭാവി ദൗത്യങ്ങളിൽ വളർമതിയുടെ ശബ്ദസാന്നിദ്ധ്യം ഉണ്ടായിരിക്കില്ല എന്നത് വേദനാജനകമാണെന്ന് മുൻ ഡയറക്ടർ ഡോക്ടർ പി.വി വെങ്കിടകൃഷ്ണൻ പറഞ്ഞു.
1984 ൽ ഐഎസ്ആർഒയുടെ ഭാഗമായ വളർമതി, ഇന്ത്യയുടെ അഭിമാന ദൗത്യങ്ങളായ ഇൻസാറ്റ് 2എ, ഐ ആർ എസ് 1സി, ഐ ആർ എസ് 1ഡി, ടെസ് എന്നിവയ്ക്ക് പിന്നിൽ പ്രവർത്തിച്ചു. 2011ൽ ജിസാറ്റ്-12 ദൗത്യം നയിച്ച ടി.കെ അനുരാധക്ക് ശേഷം ഐഎസ്ആർഒയുടെ ഒരു ദൗത്യം നയിച്ച രണ്ടാമത്തെ വനിതയായിരുന്നു എൻ വളർമതി. ഇന്ത്യയുടെ ആദ്യ തദ്ദേശീയ നിർമ്മിത റഡാർ ഇമേജിംഗ് ഉപഗ്രഹമായ റിസാറ്റ്-1ന്റെ പ്രൊജക്ട് ഡയറക്ടറായിരുന്നു വളർമതി. മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ അബ്ദുൾ കലാം പുരസ്കാരം 2015ൽ നേടിയത് വളർമതിയായിരുന്നു.
