തമിഴ്‌നാട്ടിലെ സേലം ജില്ലയിൽ ശങ്കരി ബൈപ്പാസിൽ നിർത്തിയിട്ട ട്രക്കിലേക്ക് മിനിവാൻ ഇടിച്ചുകയറി ഒരുവയസ്സുള്ള പെൺകുട്ടിയടക്കം ആറുപേ‍ർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഈറോഡ് പെരുന്തുറൈയിലെ കുട്ടംപാളയം ഹരിജൻ കോളനിയിലെ ഒരു കുടുംബത്തിലെ ആറുപേരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം.

നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നിലേക്ക് അമിതവേ​ഗതയിൽ വന്ന വാൻ ഇടിച്ചുകയറുകയായിരുന്നു. സെൽവരാജ് (50), എം. അറുമുഖം (48), ഇയാളുടെ ഭാര്യ മഞ്ജുള (45), പളനിസ്വാമി (45), ഭാര്യ പാപ്പാത്തി (40), ആർ. സഞ്ജന (ഒരുവയസ്സ്) എന്നിവരാണ് മരിച്ചത്.

അറുമുഖന്റെ മകൻ വിക്കി എന്ന് പേരുള്ള വിഗ്നേഷ് (25) പളനിസ്വാമിയുടെ മകൾ ആർ. പ്രിയ (21), എന്നിവർക്കാണ് പരിക്കേറ്റത്.

സേലം സ്വദേശിയുമായി രണ്ടുവർഷം മുമ്പാണ് പ്രിയയുടെ വിവാഹം നടന്നത്.കുടുംബപ്രശ്നങ്ങളെ തുടർന്ന് രണ്ടുപേരും പിരിഞ്ഞു താമസിക്കാൻ തീരുമാനിച്ചിരുന്നു. തുടർന്ന് പ്രിയയേയും മകളേയും വീട്ടിലേക്ക് തിരികെകൊണ്ടുവരാൻ കുടുംബാംഗങ്ങൾക്കൊപ്പം സേലത്തെക്ക്പോയതായിരുന്നു പ്രിയയുടെ പിതാവ് പളനിസ്വാമിയും മാതാവ് പാപ്പാത്തിയും.

സേലത്ത് നിന്ന് രാത്രി വൈകിയാണ് ഇവർ പെരുന്തുറയിലേക്ക് പുറപ്പെട്ടത്. ശങ്കരി ബൈപ്പാസിൽ ചിന്നഗൗണ്ടന്നൂരിന് സമീപം എത്തിയപ്പോഴാണ് മിനിവാൻ നിർത്തിയിട്ട ട്രക്കിലേക്ക് പാഞ്ഞുകയറിയത്..

Leave a Reply

Your email address will not be published. Required fields are marked *