കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈൽ സജീവിന്റെ അമ്മയും സംരംഭകയുമായ നൂഹ സജീവ് രംഗത്ത്. അപകടത്തിൽ വിലപ്പെട്ട മൂന്ന് ജീവനുകളാണ് നഷ്ടപ്പെട്ടതെന്നും, സ്നേഹത്തോടെ വളർത്തി വലുതാക്കിയ മക്കളെ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ വേദന ചിന്തിക്കാൻ പോലും കഴിയുന്നില്ലെന്നും അവർ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നൂഹ സജീവ് നിലപാട് വ്യക്തമാക്കിയത്.

മരണപ്പെട്ടവരുടെ കുടുംബത്തിന് അമ്മയെന്ന നിലയിലും സംരംഭകയെന്ന നിലയിലും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി അവർ പറഞ്ഞു. തങ്ങൾ ഉള്ളടത്തോളം കാലം ആ കുടുംബങ്ങൾക്ക് പിന്തുണ നൽകും. കേസിൽ നിയമപരമായ അന്വേഷണം നടക്കട്ടെയെന്നും സത്യങ്ങൾ മാത്രമാണ് പുറത്തുവരേണ്ടതെന്നും നൂഹ കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയയിൽ തനിക്കെതിരെയും കുടുംബത്തിനെതിരെയും അടിസ്ഥാനരഹിതമായ നിരവധി വാർത്തകളാണ് പ്രചരിക്കുന്നത്. എല്ലാവർക്കും തങ്ങളോട് ദേഷ്യവും വിദ്വേഷവും തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ, താനും ഒരു അമ്മയാണെന്ന കാര്യം എല്ലാവരും ഓർക്കണം. മകനെ ഓർത്ത് കടുത്ത ആശങ്കയുണ്ട്, അതേസമയം മൂന്ന് കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെട്ടതിലുള്ള ദുഃഖവുമുണ്ട്. ഈ രണ്ട് അവസ്ഥകൾക്കിടയിലൂടെയാണ് താൻ കടന്നുപോകുന്നത്. ഇത്രയും ദിവസമായി എഴുന്നേറ്റിരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും അവർ വ്യക്തമാക്കി. ഈ ദുഷ്കരമായ സാഹചര്യത്തിൽ തങ്ങൾക്കും കുടുംബത്തിനും കുറച്ച് സ്വകാര്യത നൽകണമെന്നും നൂഹ സജീവ് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *