കോഴിക്കോട്ടു നിന്ന് കാണാതായ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ രണ്ടാഴ്ച പിന്നിട്ടിട്ടും കണ്ടെത്താനായില്ല. ബാലുശ്ശേരി എരമംഗലം സ്വദേശിയായ മുഹമ്മദ് ആട്ടൂരിനെ കഴിഞ്ഞ മാസം 21 നാണ് കാണാതായത്.
കോഴിക്കോട്ടെ അപാർട്‍മെൻറിൽ നിന്ന് പതിവ് പോലെ ഓഫീസിലേക്ക് പോയതാണ് റിയൽ എസ്റ്റേറ്റ് വ്യാപാരിയായ മുഹമ്മദ് ആട്ടൂർ. പിന്നീട് ഇവിടെ നിന്നിറങ്ങിയ മുഹമ്മദിനെ കുറിച്ച് യാതൊരു വിവരവുമില്ല, തൊട്ടടുത്ത ദിവസം രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആയി. തലക്കുളത്തൂർ ഭാഗത്താണ് അവസാനം ടവർ ലൊക്കേഷൻ കാണിച്ചത്. ബിസിനസ്സുമായി ബന്ധപ്പെട്ട് യാത്രകൾ പോകാറുണ്ടെങ്കിലും പോകുന്ന കാര്യം പറയാറുണ്ടെന്നും ഫോൺ ഓഫ് ചെയ്യാറില്ലെന്നും കുടുംബം പറയുന്നു. കുടുംബം നൽകിയ പരാതിയിൽ കോഴിക്കോട് നടക്കാവ് പൊലീസാണ് തിരോധാനം അന്വേഷിക്കുന്നത്. ഹൈദരാബാ​ദിലും ബാം​ഗ്ലൂരിലും ഉൾപ്പടെ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
രണ്ടാഴ്ച പിന്നിട്ടിട്ടും മുഹമ്മദ് ആട്ടൂരിനെ കണ്ടെത്താനാവാത്തതിൽ ആശങ്കയുണ്ടെന്നാണ് കുടുംബം പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *