ജി 20 ഉച്ചകോടിക്കിടെ ഇന്ത്യയെ വാനോളം പുകഴ്ത്തി ആഫ്രിക്കൻ യൂണിയൻ ചെയർമാൻ അസിലി അസൗമാനി. ഇന്ത്യ ചൈനയേക്കാൾ മുന്നിലാണെന്നും സൂപ്പർ പവർ ആണെന്നും അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. കൂടാതെ ആഫ്രിക്കയിലേക്ക് എപ്പോഴും സ്വാ​ഗതം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ അഞ്ചാമത്തെ ശക്തിയായ ഇന്ത്യക്ക് ആഫ്രിക്കയിൽ ഇടമുണ്ട്. ഇന്ത്യ ബഹിരാകാശ ദൗത്യങ്ങൾ സ്വന്തമായി ചെയ്യുന്ന ശക്തിയാണെന്ന് ഞങ്ങൾക്കറിയാം. അതുകൊണ്ടുതന്നെ പരസ്പരം സഹകരിക്കേണ്ടതുണ്ട്. ഇന്ത്യ ഒരു സൂപ്പർ പവറായി മാറുകയും ചൈനയേക്കാൾ മുന്നേറുകയും ചെയ്തെന്നും അസ്സൗമാനി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെ എയു ചെയർപേഴ്‌സൺ അഭിനന്ദിച്ചു.ആഫ്രിക്കൻ യൂണിയനെ ജി20 രാജ്യങ്ങളുടെ പട്ടികയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ആലിംഗനം ചെയ്‌തത് വൈകാരിക നിമിഷമായിരുന്നെന്നും അസ്സൗമാനി പറഞ്ഞു. ആഫ്രിക്കൻ യൂണിയനെ ജി 20 പട്ടികയിലേക്ക് ഉൾപ്പെടുത്താനുള്ള തീരുമാനം വരുന്നതിന് മുമ്പ് ചർച്ച നടക്കുമെന്ന് താൻ കരുതിയിരുന്നതായും എന്നാൽ ഉച്ചകോടിയുടെ തുടക്കത്തിൽ തന്നെ ജി 20യിലേക്ക് ഉൾപ്പെടുത്തിയെന്നും എയു ചെയർപേഴ്‌സൺ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *