കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരുക്കിയ ഓണച്ചന്തയ്ക്ക് കുന്ദമംഗലം പഴയ സ്റ്റാൻഡിന് സമീപം പ്രത്യേകം സജ്ജീകരിച്ച ഹാളിൽ തുടക്കമായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത് അധ്യക്ഷത വഹിച്ചു.

കുടുംബശ്രീ പ്രവർത്തകർ സ്വന്തം കൈകളാൽ തയ്യാറാക്കിയ വിവിധ ഗ്രാമീണ ഉൽപ്പന്നങ്ങളാണ് ഓണച്ചന്തയിലെ പ്രധാന ആകർഷണം. കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും ഓണക്കാലത്ത് ഗുണമേന്മയുള്ള നാടൻ ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുമാണ് ചന്ത ഒരുക്കിയിരിക്കുന്നത്.

ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്‌സൺ ഒ.കെ. സുലൈഖ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീറ ഷമീർ, ജില്ലാ പഞ്ചായത്ത് അംഗം സീന അശോകൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി.കെ. ഹിതേഷ് കുമാർ, എം. ബാബുമോൻ, ശ്രീബ പുൽക്കുന്നുമ്മൽ, പഞ്ചായത്ത് അംഗങ്ങളായ ഷൈജ വളപ്പിൽ, കെ.പി. അബ്ബാസ്, ബിജു പൂതക്കണ്ടി, സജീവ് കുമാർ പാണ്ട്യാല, സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ അസ്ബിജ സക്കീർ ഹുസൈൻ, ബാബു നെല്ലൂളി, ഒ. സലിം, സുധീർ കുന്ദമംഗലം, എം. ബാലസുബ്രഹ്മണ്യൻ, എൻ. വിനോദ് കുമാർ, രഘുനാഥ് എന്നിവർ സംസാരിച്ചു.

അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഓണച്ചന്തയിൽ ദിവസവും നറുക്കെടുപ്പ് നടത്തും. മേളയുടെ സമാപന ദിവസമായ 23ന് മെഗാ നറുക്കെടുപ്പും നടക്കും. ഓണവിപണിയുടെ തിരക്കിനൊപ്പം കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്താനും വരുമാന സാധ്യത വർധിപ്പിക്കാനും ഓണച്ചന്ത സഹായകമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

ഓണക്കാലത്ത് നാടൻ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി നിരവധി പേരാണ് ചന്തയിലെത്തുന്നത്. കുടുംബശ്രീ പ്രവർത്തകരുടെ അധ്വാനത്തിനും സംരംഭകത്വത്തിനും പിന്തുണ നൽകുന്നതിനൊപ്പം നാട്ടിൻപുറത്തിന്റെ രുചിയും പാരമ്പര്യവും നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്ന വേദിയായി ഓണച്ചന്ത മാറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *