ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിക്കുന്നതോടെ ലോക്സഭയിലെയും രാജ്യസഭയിലെയും സുരക്ഷാ ജീവനക്കാർ സെക്രട്ടേറിയറ്റ് ജീവനക്കാർ അടക്കമുള്ളവരുടെ യൂണിഫോമിലും മാറ്റംവരുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ശൈലിയിലുള്ള യൂണിഫോമുകളാകും പുതുതായി ഉപയോഗത്തിൽ വരികയെന്ന് ഉന്നതതല വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ബന്ദഗാല സ്യൂട്ടിന് പകരം താമരയുടെ മുദ്രയുള്ള ഷര്‍ട്ടും കാക്കി നിറമുള്ള അയഞ്ഞ പാന്റും, നെഹ്രു ജാക്കറ്റുമാണ് പുതിയ യൂണിഫോമായി വരുക. പ്രത്യേകം തയ്യാറാക്കിയ സാരിയായിരിക്കും വനിതാ ജീവനക്കാരുടെ പുതിയ യൂണിഫോം. മണിപ്പൂരി തലപ്പാവും, കന്നഡ തലപ്പാവും രാജ്യസഭയിലെയും ലോക്സഭയിലെയും മാര്‍ഷല്‍മാരുടെ യൂണിഫോമിന്റെ ഭാഗമാകും.
യൂണിഫോമിലെ മാറ്റം കുടാതെ പാര്‍ലമെന്റിലെ സുരക്ഷാ ജീവനക്കാര്‍ക്ക് കമാന്‍ഡോ പരിശീലനം നല്‍കുകയും അവരുടെ സഫാരി സ്യൂട്ടിനുപകരം സൈനികരുടേതിന് സമാനമായ യൂണിഫോം വരികയും ചെയ്യും. പുതിയ പാര്‍ലമെന്റില്‍ രാജ്യസഭയിലെ കാര്‍പെറ്റിലും താമരയുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. സമാന മുദ്രയാവും യൂണിഫോമിലും ഉണ്ടാകുക എന്നാണ് സൂചന. ദേശീയ പുഷ്പമാണ് താമര എങ്കിലും അത് ബിജെപിയുടെ ചിഹ്നംകൂടി ആയതിനാല്‍ ജീവനക്കാരുടെ യൂണിഫോമിലടക്കം താമരയുടെ മുദ്ര ആലേഖനം ചെയ്യപ്പെടുന്നത് രാഷ്ട്രീ്യ വിമര്‍ശനത്തിന് വഴിതെളിക്കാൻ സാധ്യതയുണ്ട്.
നാഷ്ണൽ ഇന്‍സ്റ്റിറ്റ്യേൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയാണ് പുതിയ യൂണിഫോമുകള്‍ രൂപകല്‍പ്പനയ്ക്ക് പിന്നിൽ എന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട്. വിദഗ്ധ സമിതിയാണ് അവര്‍ രൂപകല്‍പ്പനചെയ്ത യൂണിഫോമുകൾ തിരഞ്ഞെടുതത്ത്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം തുടങ്ങാനിരിക്കെയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്. പ്രത്യേക സമ്മേളനത്തിനിടെയാവും പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുകയെന്നാണ് സൂചന. സെപ്റ്റംബര്‍ 19-ന് ഗണേശ ചതുര്‍ഥി ദിനത്തിലാകും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം എന്നതുസംബന്ധിച്ച അനൗദ്യോഗിക റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പ്രത്യേക സമ്മേളനം.
