തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ ഭരണകാലത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഹൈഡ്രോകാര്‍ബണ്‍ പദ്ധതികള്‍, കൂടംകുളം ന്യൂക്ലിയര്‍ പ്ലാന്റ്, സേലംചെന്നൈ എട്ട് വരി എക്‌സ്പ്രസ് വേ പദ്ധതി എന്നിവക്കെതിരെ സമാധാനപരമായി സമരം നടത്തിയവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും ഇതോടെ റദ്ദാക്കും. കേന്ദ്ര സര്‍ക്കാരിനോട് കൂടംകുളം ആണവ നിലയത്തിലെ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെയാണ് സ്റ്റാലിന്റെ ശ്രദ്ധേയമായ പ്രഖ്യാപനം.

കോവിഡ് ചികിത്സക്കൊപ്പം കോവിഡാനന്തര ചികിത്സക്കായുള്ള സൗകര്യങ്ങളുമൊരുക്കുമെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സക്കായി സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജ് ആശുപത്രികളിലും പ്രത്യേക കേന്ദ്രങ്ങള്‍ ആരംഭിക്കും. കോവിഡ് രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും സംസ്ഥാനത്ത് കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. ചരിത്രപ്രാധാന്യമുള്ള ക്ഷേത്രങ്ങള്‍ അവയുടെ പഴമ നഷ്ടപ്പെടാതെ നവീകരിക്കും. ക്ഷേത്ര രഥങ്ങളും മറ്റും നന്നാക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ക്ഷേത്ര നവീകരണത്തിനായി 100 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

ഡിഎംകെ സര്‍ക്കാര്‍ കോവിഡ് രണ്ടാം തരംഗത്തെ ദുരുപയോഗം ചെയ്‌തെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കും സ്റ്റാലിന്‍ മറുപടി നല്‍കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് വ്യാപക രോഗപകര്‍ച്ച ഉണ്ടായത്. മാര്‍ച്ച് ആറു മുതല്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും മാര്‍ച്ച് അവസാനത്തോടെ രണ്ടാം തരംഗം ആരംഭിക്കുകയും ചെയ്തു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഓക്‌സിജന്റെയും കിടക്കകളുടെയും ക്ഷാമം ഉണ്ടായിരുന്നതായും അദ്ദേഹം വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *