മുംബൈയിൽനിന്ന് കാണാതായ ആലുവ സ്വദേശിയായ വിദ്യാർഥി പി.എ.ഫാസിലിനെ കണ്ടെത്തി. നാഗ്പുരിൽനിന്നാണ് ഫാസിലിനെ കണ്ടെത്തിയത്. ഫാസിലിനെ കണ്ടെത്തിയ വിവരം ബന്ധു അൻവർ സ്ഥിരീകരിച്ചു. ഫാസിലുമായി നാട്ടിലേക്കു തിരിച്ചതായും അദ്ദേഹം പറഞ്ഞു. ഷെയർമാർക്കറ്റുമായി ബന്ധപ്പെട്ട് കുറച്ച് നഷ്ടമുണ്ടായ മനഃപ്രയാസം കാരണമാണ് വീട്ടിൽ നിന്ന് മാറി നിന്നതെന്ന് ഫാസില്‍ പറഞ്ഞതായി അൻവർ അറിയിച്ചു.

ഷെയർമാർക്കറ്റിൽ മുൻപും ഫാസിൽ പണം നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ മാസം കുറച്ച് അധികം പണം നിക്ഷേപിച്ചു. എന്നാൽ റിക്കവറി ആയില്ല. അതിലുണ്ടായ സങ്കടത്തിൽ മാറിനിന്നതാണെന്നാണ് ഫാസിൽ പറയുന്നത്. ഫാസിൽ തന്നെയാണ് കഴിഞ്ഞ ദിവസം രാത്രി താൻ നാഗ്പുരിലുള്ള വിവരം വീട്ടുകാരെ വിളിച്ചറിയിച്ചത്. തുടർന്ന് വീട്ടുകാർ നാഗ്പുരിലേക്ക് തിരിക്കുകയായിരുന്നു. ഫാസില്‍ ഓൺലൈൻ പണമിടപാടുകാരുടെ കെണിയിൽ അകപ്പെട്ടതാണെന്ന് വീട്ടുകാർക്ക് സംശയമുണ്ടായിരുന്നുവെന്നും അൻവർ പറഞ്ഞു.

എടയപ്പുറം കൊടവത്ത് അഷ്‌റഫിന്റെയും ഹബീലയുടെയും മകനാണ് മുംബൈ എച്ച്ആർ കോളജിൽ 2–ാം വർഷ മാനേജ്‌മെന്റ് ബിരുദ വിദ്യാർഥിയായ ഫാസിൽ. ഓഗസ്റ്റ് 26നാണ് ഫാസിലിനെ കാണാതാകുന്നത്. അതിനുശേഷം ഫോൺകോളുകളോ മെസോജോ ഒന്നും ചെയ്തിരുന്നില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പേയിങ് ഗെസ്റ്റായി താമസിച്ചിരുന്ന വീട്ടിൽ നിന്നു ബാഗുമായി ഇറങ്ങിയെന്ന വിവരം മാത്രമേയുണ്ടായിരുന്നുള്ളൂ. തുടർന്ന് വീട്ടുകാർ മുംബൈ കൊളാബ പൊലീസിൽ പരാതി നൽകി. അവർ നടത്തിയ അന്വേഷണത്തിൽ കാണാതായതിന്റെ പിറ്റേന്നു നാഗ്പുരിൽ ട്രെയിൻ ഇറങ്ങിയതിന്റെ സിസിടിവി ദൃശ്യം ലഭിച്ചെങ്കിലും പിന്നീടു വിവരമൊന്നുമുണ്ടായിരുന്നില്ല.

ഓഗസ്റ്റിൽ ഫാസിലിന്റെ ബാങ്ക് അക്കൗണ്ടിൽനിന്നു 2 ലക്ഷം രൂപ നഷ്ടപ്പെട്ടതായി മാതാപിതാക്കൾ കണ്ടെത്തിയിരുന്നു. ഓൺലൈൻ ട്രേഡിങ് നടത്തി 50,000 രൂപ നഷ്ടമായെന്നു ഫാസിൽ നേരത്തെ വീട്ടുകാരോടു പറഞ്ഞിരുന്നു. ഇതോടെയാണ് ഓൺലൈൻ പണമിടപാടുകാരുടെ കെണിയിൽപ്പെട്ടതായി സംശയം ഉയർന്നത്. നഷ്ടം നികത്താൻ ഓൺലൈൻ വായ്പ ഇടപാടു നടത്തിയിരിക്കാമെന്നായിരുന്നു വീട്ടുകാരുടെ സംശയം. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നാഗ്പുരിലുണ്ടെന്ന് ഫാസിൽ തന്നെ വീട്ടുകാരെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *