വെള്ളത്തിനടിയിലെ മനോഹരമായ കാഴ്ചകള്‍ കണ്ടുകൊണ്ട് പ്രാര്‍ഥനയില്‍ മുഴുകാം. ദുബായിൽ വെള്ളത്തിനടിയില്‍ ഒഴുകുന്ന പള്ളി വരുന്നു.ദുബായ് വാട്ടര്‍ കനാലില്‍ അണ്ടര്‍വാട്ടര്‍ ഫ്‌ലോട്ടിങ് മോസ്‌ക് നിര്‍മിക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വെള്ളത്തിനടിയില്‍ ഏകദേശം 125 കോടിരൂപ (5.5 കോടി ദിര്‍ഹം) ചെലവില്‍ നിർമിക്കുന്ന പള്ളി അടുത്തവര്‍ഷം സന്ദര്‍ശകര്‍ക്കായി തുറക്കുമെന്ന് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് (ഐ.സി.എ.ഡി.) അധികൃതര്‍ പറഞ്ഞു. മതപരമായ വിനോദസഞ്ചാര പദ്ധതികള്‍ വിശദീകരിക്കുന്നതിനിടെയാണ് ഐ.സി.എ.ഡി ഈ പദ്ധതി പ്രഖ്യാപിച്ചത്. പകുതി വെള്ളത്തിനടിയിലും ബാക്കിഭാഗം വെള്ളത്തിനുമുകളിലും പൊങ്ങിക്കിടക്കുന്ന രീതിയിലാണ് പള്ളിയുടെ ഘടന. മൂന്ന് നിലകളിലായി നിർമിക്കുന്ന പള്ളിയിൽ ഏറ്റവും താഴത്തെ നിലയിലായിരിക്കും പ്രാര്‍ഥനാമുറി. ഇവിടെ ശരീരശുദ്ധി വരുത്തുന്നതിനും മറ്റുമുള്ള അനുബന്ധ സൗകര്യങ്ങളുമുണ്ടാകും.വെള്ളത്തിന് മുകളില്‍ സജ്ജീകരിക്കുന്ന രണ്ടു നിലകളില്‍ ഇസ്ലാമിക പ്രഭാഷണങ്ങള്‍ക്കും ശില്പശാലകള്‍ക്കും പ്രത്യേക ഇടമൊരുക്കും. ആദ്യത്തെ നിലയില്‍ പുരുഷന്മാര്‍ക്കായിവിശ്രമകേന്ദ്രവും കോഫി ഷോപ്പും ഉണ്ടായിരിക്കും. സ്ത്രീകളുടെ വിശ്രമകേന്ദ്രങ്ങള്‍ രണ്ടാമത്തെ നിലയിലാണ്. ഒരേസമയം 50 മുതല്‍ 75 വരെ വിശ്വാസികള്‍ക്കുള്ള സൗകര്യങ്ങളാണ് ഇതിലുണ്ടാവുക. വിശ്വാസികള്‍ക്ക് ഇതിലേക്ക് നടന്നുപോകാന്‍ കരയെ പാലവുമായി ബന്ധിപ്പിക്കുകയും ചെയ്യും. ഇസ്ലാമിക ആചാരങ്ങള്‍ക്കനുസൃതമായി എല്ലാ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും പള്ളിയിലേക്ക് പ്രവേശനം അനുവദിക്കും.ടൂറിസത്തിലേക്ക് കൂടുതല്‍പ്പേരെ എത്തിക്കുകയാണ് ലക്ഷ്യം. സ്ത്രീകള്‍ തലയും തോള്‍ഭാഗവും മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് നിബന്ധന.

Leave a Reply

Your email address will not be published. Required fields are marked *