തിരുവനന്തപുരം : വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാർക്ക് പുകയില ഉത്പന്നങ്ങൾ വിറ്റ ജയിൽ ഉദ്യോഗസ്ഥനെ വിയ്യൂർ പോലീസ് അറസ്റ്റ് ചെയ്തു. മുൻ പ്രിസൺ ഓഫീസർ അജുമോൻ (36) ആണ് അറസ്റ്റിലായത്. വിയ്യൂർ ജയിലിൽ സ്ഥിരമായി പുകയില ഉത്പന്നങ്ങളും മയക്കുമരുന്ന് അടക്കമുള്ള ലഹരിപദാർഥങ്ങളും പരിശോധനയിൽ കണ്ടെത്താറുണ്ട്.ഇത്തരം കേസുകളിൽ ഉൾപ്പെട്ട പ്രതികളെ വിശദമായി ചോദ്യംചെയ്തപ്പോളാണ് ഉദ്യോഗസ്ഥന്റെ പങ്ക് വെളിപ്പെടുന്നത്. നൂറുരൂപ വില വരുന്ന ബീഡി 2500 രൂപയ്ക്കാണ് ഇയാൾ തടവുകാർക്ക് വിറ്റത് പുകയില ഉത്പന്നങ്ങൾ കൈമാറും മുമ്പ് തടവുകാരുടെ വീട്ടുകാർ ഉദ്യോഗസ്ഥൻ നിർദേശിക്കുന്ന ഗൂഗിൾ പേ നമ്പറിലേക്ക് പണം കൈമാറണം. പണം ലഭിച്ചുവെന്ന് ഉറപ്പായാൽ തടവുകാർക്ക് പുകയില ഉത്പന്നങ്ങൾ അവർക്ക് എടുക്കാൻ പാകത്തിലുള്ള സ്ഥലത്ത് വെച്ചുകൊടുക്കുകയാണ് രീതി.നേരത്തെ ഇതേ ആരോപണം നേരിട്ടതിന്റെ ഭാഗമായി മൂവാറ്റുപുഴ സബ് ജയിലിൽനിന്ന്‌ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് സ്ഥലംമാറിവന്നയാളാണ് അജുമോൻ. അച്ചടക്കനടപടികളുടെ ഭാഗമായി ഇയാൾ മൂന്നുമാസമായി സസ്പെൻഷനിലാണ്. കാലടിയിലെ ഒളിസങ്കേതത്തിൽനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *