വാളയാർ കേസിൽ അഭിഭാഷകർ തമ്മിലുള്ള വാക്‌പോര് തുടരുന്നു. പ്രതികളുടെ നുണ പരിശോധന ഹര്‍ജി പെണ്‍കുട്ടികളുടെ അമ്മ കോടതിയില്‍ എതിര്‍ത്തു എന്ന സിബിഐ പ്രോസിക്യൂട്ടറുടെ വാദം പച്ചക്കള്ളമാണെന്ന് അഡ്വക്കേറ്റ് രാജേഷ് എം മേനോന്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി പെണ്‍കുട്ടികളുടെ അമ്മ എതിര്‍ത്തെന്ന് തെളിയിച്ചാല്‍ താന്‍ വക്കീല്‍ പണി അവസാനിപ്പിക്കാമെന്നും, അല്ലാത്തപക്ഷം സതീശന്‍ പണി അവസാനിപ്പിക്കാന്‍ തയ്യാറുണ്ടോ എന്നും രാജേഷ് എം മേനോന്‍ വെല്ലുവിളിച്ചു.

അതേ സമയം, പെണ്‍കുട്ടികളുടെ അമ്മ നുണപരിശോധനയെ എതിര്‍ത്തെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അവരുടെ അഭിഭാഷകന്‍ കോടതിയില്‍ നേരെ മറിച്ചാണ് വാദിച്ചതെന്നും കെപി സതീശന്‍ പറഞ്ഞു. വാളയാര്‍ കേസില്‍ തൃശ്ശൂര്‍ സ്വദേശിയായ അഭിഭാഷകന്‍ സിബിഐ പ്രോസിക്യൂട്ടര്‍ ആകുമെന്നും ഇക്കാര്യമാവശ്യപ്പെട്ട് സിബിഐ കത്തെഴുതിയതായും താനൊരിക്കലും വാളയാര്‍ കേസില്‍ പ്രോസിക്യൂട്ടര്‍ ആകില്ലെന്നും കെ.പി.സതീശന്‍ പറഞ്ഞു.

എന്നാല്‍ കെ.പി സതീശന്റെ പ്രസ്താവന പച്ചക്കള്ളമാണെന്നും തെറ്റായ കര്യങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും രാജേഷ് എം മേനോന്‍ ആരോപിച്ചു. രക്ഷിതാക്കളെ ഉള്‍പ്പെടെ കേസുമായി ബന്ധപ്പെട്ടവരെ നുണ പരിശോധനക്ക് വിധേയമാക്കണം എന്നായിരുന്നു നേരത്ത തന്നെ അമ്മയുടെ നിലപാട്. എന്തിനാണ് സതീശന്‍ തെറ്റായ കാര്യങ്ങള്‍ പറയുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും രാജേഷ് എം മേനോന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *