ചെന്നൈ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന
ജിംനേഷ്യം പരിശീലകയായ യുവതിയുടെ പരാതിയിൽ സിനിമ, റിയാലിറ്റി ഷോ താരം ഷിയാസ് കരീം ചെന്നൈയിൽ പിടിയിൽ. ദുബായിൽനിന്ന് എത്തിയ ഷിയാസിനെ വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്. ചെന്നൈ കസ്റ്റംസ് വിഭാഗം കസ്റ്റെഡിയിലെടുത്ത ഇയാളെ കേരള പോലീസിന് കൈമാറും. കാസർകോട് ചന്തേര പോലീസാണ് ഷിയാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇയാളെ പിടികൂടുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എറണാകുളത്ത് നടത്തുന്ന ജിംനേഷ്യത്തിലേക്ക് ജിംട്രെയിനറെ ആവശ്യമുണ്ടെന്ന് ഷിയാസ് പരസ്യംനൽകിയിരുന്നു. തുടർന്നാണ് ജിംനേഷ്യം പരിശീലകയായ 32-കാരി പ്രതിയെ ബന്ധപ്പെടുന്നത്. ഇവർ തമ്മിൽ പരിചയത്തിലായെന്നും സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ പ്രതി വാങ്ങിയതായും പരാതിയിൽ പറയുന്നു.
2023 മാർച്ച് 21-ന് ചെറുവത്തൂരിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മർദിച്ചെന്നും രണ്ടുതവണ ഗർഭഛിദ്രം നടത്തിയെന്നും പരാതിക്കാരി ആരോപിക്കുന്നുണ്ട്.
യുവതിയുടെ പരാതിയിൽ ബലാത്സംഗത്തിനും വിശ്വാസവഞ്ചനയ്ക്കും ഗർഭഛിദ്രം നടത്തിയതിനും വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്. പരാതിക്കാരിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. തുടർന്ന് ഹൊസ്ദുർഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴിയും നൽകി.
