കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണിയെന്നു കരുതുന്ന അര്‍ജുന്‍ ആയങ്കി ചോദ്യം ചെയ്യലിനായി കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തി. 11 മണിക്ക് ഹാജരാകണമെന്നായിരുന്നു കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നത്. സ്വകാര്യ വാഹനത്തിലാണ് അര്‍ജ്ജുന്‍ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ എത്തിയത്. രണ്ട് അഭിഭാഷകര്‍ക്കൊപ്പമാണ് അര്‍ജുന്‍ കസ്റ്റംസ് ഓഫീസില്‍ എത്തിയത്.
രാമനാട്ടുകര വാഹനാപകടത്തിന് പിന്നാലെ അര്‍ജുന്‍ ഒളിവിലായിരുന്നു. ഹാജരാവാന്‍ ആവശ്യപ്പെട്ട് അര്‍ജുന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കസ്റ്റംസ് നോട്ടീസ് പതിപ്പിച്ചത്. പത്ത് തവണയലധികം അര്‍ജുന്‍ ആയങ്കി സ്വര്‍ണം തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നൊണ് കസ്റ്റംസിനു ലഭിച്ചിട്ടുള്ള വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
അതേസമയം അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന കാര്‍ ഇന്നലെ പൊലീസ് കണ്ടത്തി. നമ്പര്‍പ്ലേറ്റ് മാറ്റിയ നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജിന് എതിര്‍വശത്തെ കുന്നിന്‍ മുകളിലെ കാട്ടില്‍ ഒളിപ്പിച്ച നിലയിലാണ് കാര്‍ കണ്ടെത്തിയത്. അതേസമയം കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ച ആസൂത്രണ കേസില്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
