സുഹൃത്തിനെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തെന്ന് പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്ന് ഒളിമ്പ്യന്‍ മയൂഖ ജോണി. കേരള പൊലീസിനെതിരെയും വനിതാ കമ്മീഷന് മുന്‍ അധ്യക്ഷ എം.സി. ജോസഫൈനെതിരെയും രൂക്ഷ വിമര്‍ശനമാണ് മയൂഖ ജോണി ഉന്നയിച്ചത് .സുഹൃത്ത് ബലാത്സംഗത്തിനിരയായ കേസില്‍ പൊലീസില്‍ നിന്നും നീതി ലഭിച്ചില്ലെന്ന് മയൂഖ ജോണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇപ്പോഴും പ്രതി പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയാണെന്നും മയൂഖ പറഞ്ഞു.
2016ല്‍ ചുങ്കത്ത് ജോണ്സണ് എന്നയാള്‍ വീട്ടില്‍ കയറി സുഹൃത്തിനെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അപ്പോള്‍ പരാതി നല്‍കിയിരുന്നില്ല. വിവാഹശേഷവും ജോണ്സണ് ഭീഷണിപ്പെടുത്തി പിന്തുടര്‍ന്നതിന് പിന്നാലെയാണ് പരാതി നല്‍കിയത്. എന്നാല്‍ പൊലീസിൽ നിന്ന് പ്രതിയെ സംരക്ഷിക്കുന്ന നടപടിയാണ് ഉണ്ടായതെന്ന് മയൂഖ ആരോപിച്ചു.
2018ല്‍ കൊച്ചിയിലെ ഒരുമാളില്‍ വച്ച് പ്രതി ഭീഷണിപ്പെടുത്തിയതായും മയൂഖ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ഇരയാക്കപ്പെട്ട യുവതിയെ മുംബയില്‍ നിന്ന് എത്തിയ ഗുണ്ട വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. പരാതിയുമായി മുന്നോട്ടുപോകുകയാണെങ്കില്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നായിരുന്നു ഭീഷണി. ഇതിനുപിന്നാലെ ബലാത്സംഗത്തിനിരയായ യുവതി വിവരം ഭര്‍ത്താവിനെ അറിയിച്ചു.
സംഭവത്തില്‍ മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നല്‍കിയിരുന്നു. എന്നാൽ പ്രതി യുവതിയുടെ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തി. പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്.
കഴിഞ്ഞയാഴ്ച ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന് മയൂഖ പറഞ്ഞു. തുടര്‍ന്ന് രണ്ട് പൊലീസുകാര്‍ അന്വേഷണത്തിന് എത്തി. അഞ്ച് മിനിറ്റ് പോലും ചെലവഴിക്കാതെ ഇവര്‍ തിരിച്ചുപോകുകയായിരുന്നു. സംഭവത്തിന് തെളിവില്ലെന്നാണ് പൊലീസ് പറയുന്നതെന്നും മയൂഖ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതിയായ ചുങ്കത്ത് ജോണ്സണ് സാമ്പത്തിക പിന്‍ബലവും രാഷ്ട്രീയ ക്രിമിനല്‍ പശ്ചാത്തലവും ഉള്ള ആളായതുകൊണ്ട് തന്നെ കേസുമായി മുന്നോട്ട് വന്നെങ്കില്‍ പോലും നീതി കിട്ടിയില്ലെന്നും മയൂഖ ജോണി പറഞ്ഞു.
‘ആദ്യം മൊഴിയെടുത്ത വനിതാ പൊലീസ് പറഞ്ഞത് ഇത് നടന്ന സംഭവമാണെന്നും വലിയ താമസമില്ലാതെ തന്നെ അറസ്റ്റുണ്ടാകും എന്നുമാണ്. കേസ് അന്വേഷിക്കുന്നുണ്ടെന്നും പറഞ്ഞു. എന്നാല്‍ പിന്നീട് ഇത്ര വര്‍ഷം കഴിഞ്ഞതിനാല്‍ സംഭവം നടന്നു എന്ന് പറയുന്നതിന് തെളിവുകളില്ല എന്നാണ് പൊലീസ് പറഞ്ഞത്. നിങ്ങളുടെ ഫോണില്‍ ഉണ്ടെങ്കില്‍ അത് തെളിവായി എടുക്കാം. അല്ലാതെ പ്രതിയുടെ ഫോണ്‍ പിടിച്ചെടുക്കാന്‍ വകുപ്പില്ലെന്നും പൊലീസ് പറഞ്ഞു.
എം.സി. ജോസഫൈന് പോലും ഇതില്‍ ഇടപെട്ടിട്ടുണ്ടെന്നാണ് അറിയുന്ന വിവരം. പ്രതിയെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിനോട് ജോസഫൈന് ആവശ്യപ്പെട്ടു,’ മയൂഖ പറഞ്ഞു.
