നിലമേൽ കൈതോട് സ്വദേശിനി വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനായി ഭർത്താവ് കിരണ്‍ കുമാറിനെ തിങ്കളാഴ്ച ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിൽ വാങ്ങി. കേസിൽ അറസ്റ്റിലായ കിരൺ കുമാറിനെ ഇനി ജയിലിൽ നിന്ന് പുറത്തിറങ്ങാത്ത വിധം കുരുക്കാനാണ് അന്വേഷണ സംഘത്തിന് ഐ ജിയുടെ നിർദേശം. തൊണ്ണൂറു ദിവസത്തിനകം കിരണിനെതിരായ കുറ്റപത്രം സമർപ്പിക്കാൻ ഐ ജി ഹർഷിത അട്ടല്ലൂരി അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്‌താംകോട്ട ഡി വൈ എസ് പിക്ക് നിർദേശം നൽകി.കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിലായിരുന്ന ഇയാളെ പന്ത്രണ്ടരയോടെയാണ് ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (താത്‌കാലികം) ഹാജരാക്കിയത്. മൂന്നുദിവസത്തേക്ക് കസ്റ്റഡിയിൽവിട്ട് മജിസ്ട്രേറ്റ് എസ്. ഹാഷിം ഉത്തരവായി. 30-ന് വൈകീട്ട് തിരികെ ഹാജരാക്കണം.

90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ കിരൺ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ഈ സമയപരിധിക്കകം തന്നെ കുറ്റപത്രം സമർപ്പിക്കണമെന്ന് ഐ ജി കർശന നിർദേശം നൽകിയത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ കേസിന് നിയോഗിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

കിരൺ നടുറോഡിൽ വച്ചുപോലും വിസ്‌മയയെ മർദിച്ചിരുന്നുവെന്നതിന്‍റെ തെളിവുകളും സാക്ഷിമൊഴികളും പൊലീസിന് കിട്ടി. ചിറ്റുമല സ്വദേശിയായ ഹോം ഗാർഡും കുടുംബവുമാണ് ഇതുസംബന്ധിച്ച മൊഴി അന്വേഷണ സംഘത്തിന് നൽകിയത്. വിവാഹം കഴിഞ്ഞ് വിസ്‌മയയുടെ വീട്ടിൽ പോയശേഷം കിരണിന്‍റെ വീട്ടിലേക്ക് പോകും വഴിയായിരുന്നു മർദ്ദനം.

അടിയേറ്റ വിസ്‌മയ കാറിൽ നിന്ന് ഇറങ്ങിയോടി അഭയം പ്രാപിച്ചത് ഹോം ഗാർഡായ ആൾഡ്രിന്‍റെ വീട്ടിലാണ്. ആളുകൂടിയതോടെ കിരൺ കാർ റോഡിൽ ഉപേക്ഷിച്ച് വിസ്‌മയയെ കൂട്ടാതെ മറ്റൊരു വാഹനത്തിൽ കടന്നു കളഞ്ഞെന്നാണ് ആൾഡ്രിന്‍റെയും കുടുംബത്തിന്‍റെയും മൊഴി. കിരണിനെ ഈ സ്ഥലത്ത് എത്തിച്ചും തെളിവെടുത്തു.

വിസ്‌മയ മരിച്ച ദിവസവും കിരൺ മദ്യപിച്ചിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്ന് കിരണിനൊപ്പം മദ്യപിച്ചതായി സംശയിക്കുന്ന സുഹൃത്തുക്കളിൽ ചിലരെയും ഉടൻ ചോദ്യം ചെയ്യും. കിരണിന്‍റെ ബന്ധുക്കളിൽ ചിലർക്കെതിരെയും മൊഴി ലഭിച്ചിട്ടുണ്ടെങ്കിലും തത്ക്കാലം കിരണിന് പരമാവധി ശിക്ഷയുറപ്പിക്കാനാണ് പൊലീസ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *