പീഡനത്തിന് ഇരയായ സുഹൃത്തിന് നീതി ലഭിച്ചില്ലെന്ന ഒളിംപ്യന്‍ മയൂഖ ജോണിയുടെ ആരോപണത്തില്‍ പ്രതികരണവുമായി തൃശൂര്‍ റൂറല്‍ എസ്പി ജി.പൂങ്കുഴലി ഐപിഎസ്. കേസിനാസ്പദമായ സംഭവം നടന്നിട്ട് വര്‍ഷങ്ങളായതിനാല്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചില്ലെന്ന് റൂറല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു. കേസ് അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചതായും പൂങ്കുഴലി ഐപിഎസ് കൂട്ടിച്ചേര്‍ത്തു.
”ഞാന്‍ കേസ് പരിശോധിച്ചു, ഇതുവരെ അന്വേഷണത്തില്‍ ഒരു വീഴ്ചയുണ്ടതായി കണ്ടെത്തിയിട്ടില്ല. സംഭവം നടന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള പരാതിയായതിനാല് കേസില്‍ ശാസ്ത്രീയ തെളിവുകളൊന്നുമില്ല. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്, ആയതിനാല്‍ നടപടികള്‍ക്ക് കൂടുതല്‍ സമയം എടുക്കും,” റൂറല്‍ എസ്പി വ്യക്തമാക്കി.
ലോക്കല്‍ പൊലീസില്‍ നിന്ന് ജില്ലാ ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയിട്ടുണ്ട്. വനിത പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന പുതിയ അന്വേഷണ സംഘത്തെ നിയമിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോര്‍ജിനാണ് അന്വേഷണ ചുമതല. മയൂഖ ജോണിയുടെ ആരോപണങ്ങളുടെ വസ്തുതകള്‍ സ്പെഷ്യല്‍ ബ്രാഞ്ച് പരിശോധിക്കും,” പൂങ്കുഴലി ഐപിഎസ് വ്യക്തമാക്കി.
ഇന്നലെയാണ് മയൂഖ ജോണി പൊലീസിനെതിരെ ആരോപണം ഉന്നയിച്ചത്. ബലാത്സംഗത്തിന് ഇരയായ സുഹൃത്ത് പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്നും പ്രതിയെ രക്ഷിക്കാനുള്ള നീക്കമാണെന്നുമാണ് മയൂഖയുടെ ആരോപണം. മുന്‍ വനിത കമ്മിഷന് അധ്യക്ഷ എം.സി.ജോസഫൈനും പ്രതിക്കായി ഇടപെട്ടെന്നും മയൂഖ ഇന്നലെ തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.