ചര്‍ച്ചകളല്ല പ്രശ്‌നത്തിന് പരിഹാരമാണ് ആവശ്യം;ഉദ്യോഗാര്‍ഥികളുടെ സമരം തുടരുന്നു

പി എസ് സി നിയമനവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ സമരം തുടരുന്നു. ചര്‍ച്ചകള്‍ നടത്തുന്നതില്‍ പ്രശ്‌നമോ തടസമോ ഇല്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസവും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചര്‍ച്ചകളല്ല പ്രശ്‌നത്തിന് പരിഹാരമാണ് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. റാങ്ക് ലിസ്റ്റ് നീട്ടാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ സിപിഎ ഉദ്യോഗാര്‍ഥികളും സമരം തുടരുകയാണ്. ഫോറസ്റ്റ് വാച്ചര്‍, കെഎസ്ആര്‍ടിസി ഡ്രൈവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളും സമരം തുടരുകയാണ്. സമരം ശക്തമാക്കാനുള്ള നീക്കങ്ങളിലാണ് എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍. സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞദിവസം ചര്‍ച്ചയില്‍ സമരക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി ഇറക്കിയിരുന്നു. എന്നാല്‍, പുതിയ ഉറപ്പുകളൊന്നും ഉത്തരവിലില്ല. പരമാവധി നിയമനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. നൈറ്റ് വാച്ച്മാന്‍മാരുടെ ജോലി സമയം എട്ടു മണിക്കൂറാക്കുന്ന കാര്യം പരിശോധിക്കും. ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റിന് രണ്ട് മാസം കൂടിയാണ് കാലാവധിയുള്ളത്. അതിനാല്‍ പരമാവധി നിയമനം നടത്തും. സിപിഒ റാങ്ക് ഹോള്‍ഡേഴ്സിന്റെ ആവശ്യത്തില്‍ ന്യായമില്ല. ഉദ്യോഗാര്‍ഥികള്‍ പറയുന്ന 1200 തസ്തികകളിലേക്കും നിയമനം നടത്തിയെന്നും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ ജോസാണ് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ വാക്കാല്‍ നല്‍കിയ വാഗ്ദാനങ്ങളാണ് ഉത്തരവായി പുറത്തിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *