തുടര്‍ച്ചയായ കിറ്റക്‌സ് സ്ഥാപനങ്ങളിലേക്കുള്ള പരിശോധനാ നടപടികള്‍ക്ക് മറുപടിയായി സര്‍ക്കാരുമായി ഒപ്പുവെച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിക്കുന്നതായി സാബു ജേക്കബിന്റെ പ്രഖ്യാപനം. കഴിഞ്ഞ ഒരുമാസമായി കിറ്റെക്‌സില്‍ പലവകുപ്പുകളുടെയും കീഴില്‍ പരിശോധന നടത്തിയിരുന്നു. പതിനൊന്ന് തവണയാണ് വിവിധ വകുപ്പുകള്‍ പരിശോധന നടത്തിയത്. എന്നാല്‍ പരിശോധനയില്‍ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിരുന്നില്ല. പക്ഷെ ഇത്തരത്തില്‍ തുടര്‍ച്ചയായി പരിശോധനകള്‍ നടത്തി വ്യവസായത്തെ ബുദ്ധിമുട്ടിപ്പിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഈ കാരണങ്ങളാല്‍ സര്‍ക്കാരിന്‍റെ തുടര്‍വികസനപദ്ധതിയുമായി മുന്നോട്ടുപോകുന്നില്ലെന്ന് കിറ്റെക്‌സ് എം ഡി പറഞ്ഞു.
2020ല്‍ കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപ സംഗമത്തിലാണ് കിറ്റെക്‌സ് സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടത്. 3,500 കോടിയുടെ പുതിയനിക്ഷേപം സംബന്ധിച്ച ധാരണാപത്രമായിരുന്നു അന്ന് ഒപ്പിട്ടത്. ഒരുലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് അന്ന് ആഗോള നിക്ഷേസംഗമത്തില്‍ ഒപ്പിട്ടത്. ഇതില്‍ ഏറ്റവും വലിയ പ്രോജക്‌ട് കിറ്റെക്‌സിന്‍റേതായിരുന്നു.