കോഴിക്കോട്: മിശ്രവിവാഹത്തില്‍ പ്രതികരിച്ച് കാന്തപുരം വിഭാഗം എസ്.വൈ.എസ് നേതാവ് റഹ്‌മത്തുല്ല സഖാഫി എളമരം. വില്യാപ്പള്ളിയിലെ ഡി.വൈ.എഫ്.ഐ നേതാവ് മുസ് ലിം പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന് പാര്‍ട്ടി ഓഫീസില്‍ വെച്ച് വിവാഹം ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

കുറിപ്പിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ ദിവസം വില്ല്യാപ്പള്ളിക്കാരനായ ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഒരു മുസ്ലിം പെണ്‍കുട്ടിയെ പാലക്കാട്ടെ ജോലി സ്ഥലത്തുനിന്നും കടത്തിക്കൊണ്ടു വന്നിട്ടുണ്ട്. പെറ്റുപോറ്റിയ മാതാപിതാക്കളേയും കുടുംബങ്ങളെയും ഉപേക്ഷിച്ച്, തന്റെ മതവും സംസ്‌കാരവും വേണ്ടെന്നുവച്ചു ഇഷ്ടപ്പെട്ടവന്റെക്കൂടെ പോവാന്‍ ഇന്ത്യന്‍ നിയമപ്രകാരം അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

എന്നാല്‍ അമരാവതിയിലെ പാര്‍ട്ടി ഓഫീസില്‍ കൊണ്ടുവന്നു രക്തഹാരമണിയിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേര്‍ന്ന് മുദ്രാവാക്യം മുഴക്കി ആഘോഷമാക്കുമ്പോള്‍ ഇതൊരു പാര്‍ട്ടി അജണ്ടയാണോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍പറ്റുമോ? അല്ലങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരെ ഇണയാക്കിയാലും ഇതുപോലെ പാര്‍ട്ടി ഓഫീസില്‍വെച്ച് ആഘോഷിക്കുന്ന പതിവു വേണം. അതില്ലല്ലോ…

ഇ.കെ വിഭാഗം എസ്.വൈ.എസ് നേതാവായ നാസര്‍ ഫൈസി കൂടത്തായ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മിശ്രവിവാഹത്തിന്റെ പേരില്‍ സി.പി.എമ്മിനെതിരെ ആരോപണമുന്നയിച്ചിരുന്നു. മുസ്ലിം പെണ്‍കുട്ടികളെ ഇതര മതസ്ഥര്‍ക്ക് വിവാഹം ചെയ്തുകൊടുക്കാന്‍ ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും നേതൃത്വം കൊടുക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇതിന് പിന്നാലെയാണ് സമാനമായ വിമര്‍ശനവുമായി കാന്തപുരം വിഭാഗം നേതാവും രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *