ചിന്നക്കനാലില്‍ റിസോര്‍ട്ടിനോട് ചേര്‍ന്ന് 50 സെന്റ് സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന കേസില്‍ മാത്യു കുഴല്‍നാടനെതിരെ കേസെടുത്ത് റവന്യുവകുപ്പ്. ഹിയറിങ്ങിന് ഹാജരാകാന്‍ മാത്യുവിന് നോട്ടിസ് നല്കി . ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ പ്രവര്‍ത്തിക്കുന്ന എറ്റേര്‍നോ കപ്പിത്താന് റിസോര്‍ട്ടിനോടു ചേര്‍ന്നുള്ള ഭൂമിയാണ് കയ്യേറിയെന്നു കണ്ടെത്തിയിരിക്കുന്നത്. 50 സെന്റ് സര്‍ക്കാര്‍ ഭൂമി തിരികെപ്പിടിക്കാന്‍ ഇടുക്കി കലക്ടര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. കയ്യേറ്റം ചൂണ്ടിക്കാണിച്ച് ഉടുമ്പന്‍ചോല ഭൂരേഖാ തഹസില്‍ദാര്‍ നല്കിയ റിപ്പോര്‍ട്ട് കലക്ടര്‍ അംഗീകരിച്ചു.
മാത്യു കുഴല്നാടന് എംഎല്‍എ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ ശരിവച്ചാണു റവന്യു വിഭാഗം കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയത്. 2022ല്‍ മാത്യു കുഴല്‍നാടനും 2 സുഹൃത്തുക്കളും ചേര്‍ന്നാണു സൂര്യനെല്ലിയില്‍ ഒരേക്കര്‍ 14 സെന്റ് ഭൂമിയും 3 കെട്ടിടങ്ങളും വാങ്ങിയത്. എന്നാല്‍ സൂര്യനെല്ലിയില്‍ റിസോര്‍ട്ടിനോടു ചേര്‍ന്ന് 50 സെന്റ് ഭൂമി താന്‍ കയ്യേറിയെന്ന റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്നാണ് മാത്യു കുഴല്‍നാടന്റെ വാദം.