ഇടുക്കി: ശാന്തന്‍പാറ സിപിഎം ഓഫീസിന്റെ സംരക്ഷണ ഭിത്തി പൊളിച്ചു നീക്കി. സിപിഎം പ്രവര്‍ത്തകരാണ് സംരക്ഷണ മതില്‍ പൊളിച്ചു മാറ്റിയത്. റോഡ് പുറമ്പോക്ക് കയ്യേറിയാണ് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചതെന്ന് റവന്യൂവകുപ്പ് കണ്ടെത്തിയിരുന്നു.
ശാന്തന്‍പാറയിലെ സിപിഎം ഓഫീസ് നിര്‍മ്മാണത്തിനുള്ള എന്‍ഒസി ജില്ലാ കലക്ടര്‍ നിരസിച്ചിരുന്നു. ഓഫീസ് നിര്‍മ്മിച്ച സ്ഥലത്ത് 48 ചതുരശ്ര മീറ്റര്‍ റോഡ് പുറമ്പോക്ക് കയ്യേറിയിട്ടുണ്ടെന്നും 12 ചതുരശ്ര മീറ്റര്‍ പട്ടയമില്ലാത്ത ഭൂമിയുണ്ടെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഒസി നിരസിച്ചത്.
റോഡ് പുറമ്പോക്ക് കയ്യേറിയ സ്ഥലം ഭൂ സംരക്ഷണ നിയമപ്രകാരം ഏറ്റെടുക്കുന്നതിന് ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശവും നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് റോഡു പുറമ്പോക്ക് കയ്യേറി നിര്‍മ്മിച്ച സംരക്ഷണ ഭിത്തി പൊളിച്ചുമാറ്റിയത്.