വയനാട്: പുല്‍പ്പള്ളിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. വന്യജീവി ആക്രമണത്തിനെതിരെ വലിയ പ്രതിഷേധമാണ് പുല്‍പ്പള്ളിയില്‍ നടക്കുന്നത്. ആയിരക്കണിന് ജനങ്ങളാണ് പ്രതിഷേധവുമായി നഗരത്തിലെത്തിയത്. പൊലീസ് വാഹനത്തിന് നേരെയും വനം വകുപ്പിന്റെ ജീപ്പിന് നേരെയും പ്രതിഷേധക്കാര്‍ ആക്രമണം നടത്തിയിരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ജനങ്ങളോട് സംസാരിക്കാനെത്തിയ ജനപ്രതിനിധികള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കുപ്പിവലിച്ചെറിഞ്ഞു. പ്രതിഷേധം കനത്തതോടെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.
ആക്രമത്തില്‍ ഒരാഴ്ചക്കിടെ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതിഷേധം നടക്കുന്നത്. ഇന്നലെ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുല്‍പ്പള്ളി ടൗണില്‍ പൊതുദര്‍ശനത്തിന് വെച്ചാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. വനംവകുപ്പിന്റെ ജീപ്പ് പ്രതിഷേധക്കാര്‍ വലിച്ചുകീറിയിരുന്നു. വാഹനത്തിലുണ്ടായിരുന്ന വനം വകുപ്പ് ജീവനക്കാര്‍ക്ക് നേരെയും നാട്ടുകാര്‍ പ്രതിഷേധിച്ചു. ജീപ്പ് കടത്തിവിടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ജീപ്പിന് നേരെ ആക്രമണം നടത്തിയത്. ജീപ്പ് മറിച്ചിടാനും ശ്രമം നടത്തിയിരുന്നു. ജീപ്പിന്റെ കാറ്റഴിച്ചുവിട്ടുമാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.