തിരുവനന്തപുരം: പേട്ടയില്‍നിന്നു പുലര്‍ച്ചെ സ്കൂട്ടറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ കുട്ടിക്കായി തിരച്ചില്‍ ശക്തമാക്കി പൊലീസ്. ഹൈദരാബാദ് സ്വദേശികളായ അമര്‍ദീപ്-റബീനദേവി ദമ്പതികളുടെ മകള്‍ മേരിയെയാണ് കാണാതായത്. കുട്ടിയെ കാണാതായിട്ട് എട്ടു മണിക്കൂര്‍ പിന്നിടുമ്പോഴും പൊലീസിന് ഒരു സൂചനയും ലഭിച്ചിട്ടില്ല.
ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് രണ്ടംഗം സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണു റിപ്പോര്‍ട്ട്. മഞ്ഞ നിറത്തിലുള്ള ആക്ടിവ സ്കൂട്ടറിലാണു സംഘം എത്തിയതെന്നാണൂ സൂചന. പേട്ട റെയില്‍വേ സ്റ്റേഷനു പരിസരത്തെ വഴിയരികില്‍ രണ്ടു സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങിയതായിരുന്നു കുട്ടി. കാണാതാകുമ്പോള്‍ കറുപ്പില്‍ പുള്ളിയുള്ള ടീ ഷര്‍ട്ടാണു കുട്ടി ധരിച്ചിരുന്നതെന്നു കുടുംബം പറയുന്നു.
റെയില്‍വേ വഴി രക്ഷപ്പെടാനുള്ള സാധ്യത പൊലീസ് പരിശോധിച്ചിരുന്നു. ട്രെയിന്‍മാര്‍ഗം കുട്ടിയുമായി പോയിട്ടില്ലെന്നാണ് ഇവിടത്തെ സി.സി.ടി.വി ഉള്‍പ്പെടെ പരിശോധിച്ചതില്‍ വ്യക്തമായതെന്നാണു വിവരം. റോഡ് മാര്‍ഗം തന്നെയാണു കുട്ടിയുമായി സംഘം കടന്നതെന്നാണു പൊലീസിനു ലഭിച്ച സൂചന. ഇതോടെ നഗരത്തിലെ മുഴുവന്‍ റോഡുകളും കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഓള് സെയ്ന്റ്സ് കോളേജിന് പിറകില്‍നിന്നാണു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുടുംബം താമസിച്ചിരുന്നത് കോളേജിന് പിറകിലെ ചതുപ്പില്‍ ടെന്റ് അടിച്ചായിരുന്നു. അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് തിരച്ചില്‍ നടത്തുന്നത്.
കുട്ടിയെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ കണ്ട്രോള് റൂമില്‍ അറിയിക്കാന്‍ പൊലീസ് അഭ്യര്‍ത്ഥിച്ചു. 0471 2743 195 എന്ന നമ്പറിലോ 112 എന്ന നമ്പറിലോ വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.
