തിരുവനന്തപുരം: പേട്ട ഓള്‍ സെയിന്റ്‌സ് കോളേജിന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ രണ്ടു വയസുകാരി മകള്‍ മേരിയെ ആണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. മൂന്ന് സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ ആണ് കാണാതായത്. മഞ്ഞ സ്‌കൂട്ടറില്‍ എത്തിയവര്‍ എടുത്തുകൊണ്ടുപോയി എന്നാണ് കുട്ടിയുടെ സഹോദരന്റെ മൊഴി.
ഹൈദരാബാദ് സ്വദേശികളായ അമര്‍ദ്വീപ് – റമീനദേവി ദമ്പതികളുടെ മകളാണ് മേരി. തേനെടുക്കുന്ന ജോലി ചെയ്യുന്നവരാണ് ഇവര്‍. ഇവര്‍ക്ക് നാലു കുട്ടികളാണുള്ളത്. ഇവരെല്ലാം ഒന്നിച്ചാണ് ഉറങ്ങാന്‍ കിടന്നത്. അതിനിടെയാണ് പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ കുഞ്ഞിനെ കാണാതിരുന്നതോടെ മാതാപിതാക്കള്‍ പരിഭ്രാന്തരായി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. മണിക്കൂറുകള്‍ പിന്നിട്ടിട്ടും ആശ്വാസകരമായ വാര്‍ത്തയൊന്നും തന്നെ കുഞ്ഞിന്റെ തിരോധാനം സംബന്ധിച്ച് ലഭിച്ചിട്ടില്ല. കുഞ്ഞിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0471- 2743195 എന്ന നമ്പറില്‍ അറിയിക്കണം. കണ്‍ട്രോള്‍ റൂം നമ്പറായ 112ലും വിവരമറിയിക്കാം.
