കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി . തൃശൂര്‍ പൊലീസ് ക്ലബ്ബിലാണ് കെ സുരേന്ദ്രന് ഹാജരായത്. രാവിലെ പതിനൊന്നു മണിക്കു തുടങ്ങിയ ചോദ്യം ചെയ്യല്‍ ഒന്നരമണിക്കൂര്‍ നീണ്ടു. ചോദ്യം ചെയ്യുന്ന സമയത്ത് ഒട്ടേറെ ബിജെപി പ്രവര്‍ത്തകര്‍ പൊലീസ് ക്ളബ്ബിനു മുന്നില്‍ എത്തിയിരുന്നു. പുറത്തിറങ്ങിയ സുരേന്ദ്രനെ മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇവര്‍ അഭിവാദ്യം ചെയ്തത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രത്യേക അന്വേഷകസംഘം ആദ്യമായാണ് കെ സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത്. കേസില്‍ ജൂലൈ രണ്ടിന് ഹാജരാകാന്‍ നോട്ടീസയച്ചെങ്കിലും സുരേന്ദ്രന് അസൗകര്യങ്ങള്‍ അറിയിച്ചു. പിന്നീട് വീണ്ടും നോട്ടീസ് അയക്കുകയായിരുന്നു.
കേസിനെ കുറിച്ച് പൊലീസിനു തന്നെ വ്യക്തതയില്ലെന്നാണ് ചോദ്യം ചെയ്യലിനു ശേഷം കെ സുരേന്ദ്രന് പ്രതികരിച്ചത്. ‘അവര്‍ എന്തൊക്കെയോ ചോദിച്ചു, എന്തൊക്കെയോ മറുപടി പറഞ്ഞു, എന്താണെന്ന് അവര്‍ക്കുമറിയില്ല എനിക്കുമറിയില്ല’ എന്നാണ് കെ സുരേന്ദ്രന് പ്രതികരിച്ചത്. കുഴല്‍പണ കേസുമായി ബിജെപിയ്ക്ക് ബന്ധമില്ലെന്ന വാദം കെ സുരേന്ദ്രന് ആവര്‍ത്തിച്ചു. രാഷ്ട്രീയ പകപോക്കലാണ് നടപടിയെന്ന് കെ സുരേന്ദ്രന് ചോദ്യം ചെയ്യലിനു ഹാജരാകും മുമ്പ് പറഞ്ഞിരുന്നു. രാവിലെ പതിനൊന്നു മണിയോടെയാണ് കെ സുരേന്ദ്രന് തൃശൂര്‍ പൊലീസ് ക്ലബില്‍ എത്തിയത്. പാര്‍ട്ടി യജമാനന്മാരെ പ്രീതിപ്പെടുത്താനും ബിജെപിയെ അപമാനിക്കാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തില്‍ ഗവര്‍ണ്ണര്‍ പോലും ഉപവാസ സമരമിരിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം. ഒട്ടേറെ സ്ത്രീപീഢനങ്ങളും കുട്ടികള്‍ക്കെതിരായ പീഢനവും നടക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഇതു ഭരണപരാജയമാണ്. അതുമറയ്ക്കാനാണ് ഇത്തരം നടപടികള്‍ എന്നും കെ സുരേന്ദ്രന് ആരോപിച്ചു. കേരളത്തില്‍ വ്യാപാരികള്‍ ജീവിക്കാനായി സമരം ചെയ്യുന്നു. അതൊന്നും കാണാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും കടകള്‍ തുറക്കുന്ന വ്യാപാരികളെ ബിജെപി പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുഴല്‍പ്പണം കടത്തിയ ധര്മരാജന്, ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്ത എന്നിവരെ നേരത്തേ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളുടെ വിശദീകരണത്തിനാണ് സുരേന്ദ്രെനെ മൊഴി നല്കാന് വിളിപ്പിച്ചത്. ജില്ലാ പ്രസിഡന്റ്, സംസ്ഥാന സംഘടനാ സെക്രട്ടറി തുടങ്ങി പതിനഞ്ചോളം ബിജെപി നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.