മലയാളത്തിന്റെ ഭാവഗായകന് പി ജയചന്ദ്രന് ഇന്ന് 80-ാം പിറന്നാള്‍. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി തലമുറകള്‍ നെഞ്ചിലേറ്റിയ പതിനയ്യായിരത്തിലേറെ ഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്. രാമനാഥന് മാഷാണ് സംഗീതത്തില്‍ ആദ്യഗുരു. സിനിമയില്‍ ദേവരാജന്‍ മാസ്റ്ററും.
സ്കൂള്‍ യുവജനോത്സത്തില്‍ നിന്നായിരുന്നു തുടക്കം. 1958ലെ ആദ്യ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ മൃദംഗത്തില്‍ ഒന്നാമനായും ലളിതസംഗീതത്തില്‍ രണ്ടാമനുമായി ഇരിങ്ങാലക്കുട നാഷണല്‍ സ്കൂളിലെ പി ജയചന്ദ്രന്. ഇന്ത്യാ-പാക് യുദ്ധഫണ്ടിനായി എംബിശ്രീനിവാസന്‍ നടത്തിയ ഗാനമേളയില്‍ യേശുദാസിന് പകരക്കാരനായി ‘പഴശ്ശിരാജ’ യിലെ ‘ചൊട്ട മുതല്‍ ചുടല വരെ’ പാടിയത് വഴിത്തിരിവായി.
ചന്ദ്രതാരയുടെ ‘കുഞ്ഞാലിമരയ്ക്കാര്‍’ ചിത്രത്തിലൂടെ മലയാള സിനിമയില്‍ ആദ്യ ചുവടുവെപ്പ്. ‘ഒരു മുല്ലപ്പൂ മാലയുമായ’- എന്നു തുടങ്ങുന്നതായിരുന്നു ആദ്യ ഗാനം. ജി ദേവരാജന്‍ സംഗീതം ചെയ്ത ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ എന്ന ഗാനം ജയചന്ദ്രനെ കൂടുതല്‍ ജനപ്രിയനാക്കി. 1986ല്‍ പുറത്തിറങ്ങിയ ‘ശ്രീനാരായണ ഗുരു’ എന്ന ചിത്രത്തിലെ ‘ശിവശങ്കരാ സര്‍വ’ എന്ന ഗാനത്തിലൂടെ മികച്ച പിന്നണിഗായകനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. ആറ് തവണ മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. കൂടാതെ തമിഴ്നാട സര്‍ക്കാരിന്റെ പുരസ്കാരവും ലഭിച്ചു. ഭാര്യ ലളിത, ലക്ഷ്മി, ദിനനാഥ് എന്നവരാണ് മക്കള്‍.