രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുമ്പോഴും കേരളത്തിലും മഹാരാഷ്ട്രയിലും കേസുകള്‍ വര്‍ധിക്കുന്നത് ഗൗരവകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കൊവിഡ് സ്ഥിതിഗതികളെ കുറിച്ച് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു പ്രതികരണം.

രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയമാണെന്നാണ് കണക്കാക്കുന്നത്. രണ്ടാം തരംഗം എവിടെ തുടങ്ങിയോ അവിടെ സ്ഥിതിഗതികള്‍ ആദ്യം നിയന്ത്രണ വിധേമാവുമെന്നാണ് വിദഗ്ദര്‍ പറഞ്ഞത്. എന്നാല്‍ അതേ സമയത്ത് തന്നെ മഹാരാഷ്ട്രയിലും കേരളത്തിലും കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഗൗരവമേറിയ വിഷയമാണ്. രാജ്യത്തിന് തന്നെ ഭീഷണിയാവുന്ന വിഷയമാണിതെന്നും പ്രധാനമന്ത്രി ചുണ്ടിക്കാട്ടുന്നു.

രോഗ വ്യാപനം തടയാന്‍ ‘ടെസ്റ്റ് – ട്രാക്ക് – ട്രീറ്റ് – വാക്‌സിനേറ്റ്’ എന്ന രീതി കാര്യക്ഷമാക്കി മുന്നോട്ട് പോവണമെന്നും യോഗത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രിമാരോടായി പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മൂന്നാം തരംഗം തടയാനുള്ള നടപടികള്‍ സ്വീകരിക്കണം. മൈക്രോ കണ്ടൈന്‍മെന്റ് സോണുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. കൊവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് എല്ലാവരും ഓര്‍മിക്കണം. ഇത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം സംബന്ധിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. അതേസമയം, തന്നെ കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത 80% പുതിയ കേസുകളും തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഉയര്‍ന്ന പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങള്‍ കൊവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത തടയുന്നതിന് സജീവമായ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. ഇതിനായി നടപടികള്‍ കൈക്കൊള്ളണം പ്രധാനമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *