കേരള സര്‍ക്കാരിന്‍റെ ‘കെ റൈസ്’ ഇടപാടിൽ വൻ അഴിമതിയെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്‌ണദാസ്. മുഖ്യമന്ത്രിയും സർക്കാരും പറഞ്ഞത് തെലങ്കാനയിൽ നിന്ന് അരി കൊണ്ടുവന്നു എന്നാണ്. പച്ച കള്ളം ആണിത്. സ്വകാര്യ മുതലാളിയിൽ നിന്നാണ് അരി വാങ്ങിയതെന്ന് കൃഷ്‌ണദാസ് ആരോപിച്ചു.അരി നേരിട്ട് വാങ്ങി എന്ന് പറയുന്നത് തെറ്റാണ്. 21 കോടി 75 ലക്ഷം നഷ്‌ടം ആണ് ഇതുവഴി ഉണ്ടായത്. സർക്കാർ നടത്തുന്ന ധൂർത്ത് ആണിത്. സർക്കാർ തട്ടിപ്പ് നടത്തുകയാണ്. വിജിലൻസ് നിയമങ്ങൾ അട്ടിമറിച്ചു കൊണ്ടാണ് കരാർ കൊടുത്തത്. കരാർ അടിയന്തരമായി റദ്ദ് ചെയ്യണമെന്നും കൃഷ്‌ണദാസ് ആവശ്യപ്പെട്ടു.കെജ്‌രിവാളിന്‍റെ അറസ്‌റ്റിൽ കേരളത്തിൽ മാർക്‌സിസ്‌റ്റ് പാർട്ടി നടത്തുന്ന സമരം ഒരു റിഹേഴ്‌സൽ സമരമാണ്. കേരളത്തിൽ പിണറായി വിജയന് എതിരെയും ഇത്തരം സംഭവങ്ങൾ ഉണ്ടാകും. കെജ്‌രിവാളിന്‍റെ അഴിമതിക്ക് എതിരായി ആദ്യം ശബ്‌ദം ഉയർത്തിയത് കോൺഗ്രസാണ്. മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദമൊന്നും കോൺഗ്രസിൻ്റെ പ്രചാരണ ആയുധം അല്ല. അഴിമതിക്ക് എതിരെ ജനങ്ങൾ പ്രതികരിക്കണമെന്നും കൃഷ്‌ണദാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *