കൊച്ചി: തൃശൂര്‍ പൂരത്തിന് ആനകളും പൊതുജനവും തമ്മിലുള്ള അകല പരിധി ആറു മീറ്ററാക്കി ഹൈക്കോടതി. ആറു മീറ്ററിനുള്ളില്‍ ചെണ്ടമേളമോ തീവെട്ടിയോ പാടില്ല, കുത്തു വിളക്ക് മാത്രമാകാം. തീവെട്ടി ആചാരത്തിന്റെ ഭാഗമല്ലെന്നും കോടതി വ്യക്തമാക്കി.
ആനകളുടെ ഫിറ്റ്നസ് സാക്ഷ്യപ്പെടുത്തുമ്പോള്‍ കൃത്യമായ നടപടിക്രമം പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഫിറ്റ്നസ് ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് ഉറപ്പുവരുത്തണം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ആനയ്ക്ക് കാഴ്ച ശക്തിയില്ലെന്നും, എങ്ങനെ ഈ ആനയ്ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും കോടതി ചോദിച്ചു.
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കിയ വെറ്ററിനറി ഓഫീസറുടെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ കൃത്യമായി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെന്നായിരുന്നു വനംവകുപ്പിന്റെ മറുപടി.
എത്ര വരെ ദൂരപരിധിയാകാമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളോട് കോടതി ചോദിച്ചു. പരമാവധി അഞ്ചുമീറ്റര്‍ പരിധിയില്‍ കൂടുതല്‍ പാടില്ലെന്നാണ് പാറമേക്കാവ് കോടതിയെ അറിയിച്ചത്. തുടര്‍ന്നാണ് ആനകളുടെ മുന്നില്‍ ആറുമീറ്റര്‍ പരിധി കോടതി നിശ്ചയിച്ചത്.